റിയാദ്: യെമനിൽ ഹൂതി വിമതർക്കെതിരെ ശക്തമായ വ്യോമാക്രമണവുമായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന. ശനിയാഴ്ച പുലർച്ചെ നടത്തിയ സൈനിക നീക്കത്തിൽ ഹൂതികളുടെ 136 സൈനിക ലക്ഷ്യങ്ങൾ തകർത്തതായി സഖ്യസേന അറിയിച്ചു. വിമതരുടെ സൈനിക ശേഷി പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നാണ് വിശദീകരണം.
ഹൂതികളുടെ ബാലിസ്റ്റിക് മിസൈൽ ശൃംഖലകളും സൈനിക താവളങ്ങളും ലക്ഷ്യമിട്ടുള്ള നടപടികൾ ശക്തമാക്കിയതായി സഖ്യസേന വ്യക്തമാക്കി. യെമൻ ഔദ്യോഗിക സൈനിക വിഭാഗങ്ങൾക്ക് 24 മണിക്കൂറും വ്യോമപിന്തുണ നൽകുന്നുണ്ടെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ വരും മണിക്കൂറുകളിലും സൈനിക നടപടികൾ തുടരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ആക്രമണങ്ങൾ നടന്നതായി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചിരുന്നു. അബഹ, റിയാദ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ മൂന്ന് വിദേശികൾ കൊല്ലപ്പെടുകയും സ്വദേശികളും പ്രവാസികളും ഉൾപ്പെടെ 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ മൊറോക്കോ, അൾജീരിയ സ്വദേശികളായ രണ്ട് വനിതകൾ കൊല്ലപ്പെട്ടു. സൗദി പൗരന്മാർക്കും ബംഗ്ലാദേശ്, ഫിലിപ്പീൻസ് സ്വദേശികളായ പ്രവാസികൾക്കും ഉൾപ്പെടെ 28 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുകളുണ്ട്.
യെമനിലെ സൈനിക നീക്കങ്ങളും സൗദിയിലെ വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളും പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം കൂടുതൽ ആശങ്കാജനകമാക്കുകയാണ്. മേഖലയിലെ സംഘർഷം കൂടുതൽ വ്യാപിക്കുമോയെന്ന ആശങ്കയും ശക്തമാണ്.




