കാസർകോട്: കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണമായ എസ്‌ഐആറിനെതിരെ സിപിഎം പരാതി നൽകിയില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം പച്ചക്കള്ളമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. ജനാധിപത്യത്തെ തകർക്കുന്ന നടപടികളെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, ദളിതർ എന്നിവരുടെ വോട്ടുകൾ കൂട്ടത്തോടെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തെന്നും എന്യുമറേഷൻ ഫോമുകൾ കൃത്യമായി വിതരണം ചെയ്തില്ലെന്നും ജയരാജൻ പറഞ്ഞു. ഈ വിഷയത്തിൽ അന്നത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് സിപിഎം ഒരു ഡസനോളം പരാതികൾ രേഖാമൂലം നൽകിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെയും കണക്കുകളിൽ വലിയ വ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. എസ്‌ഐആറുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ തർക്കം ഇതോടെ കൂടുതൽ ശക്തമായിരിക്കുകയാണ്.




