ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിലെത്തി. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു. ചെന്നൈ മെട്രോ റെയിൽ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി പൂനമല്ലി–വടപളനി പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തുടർന്ന് മെട്രോയിൽ യാത്രയും നടത്തി.
ഏകദേശം 4,900 കോടി രൂപ ചെലവിൽ നിർമിച്ച 15 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപ്പാല മെട്രോ പാതയിൽ 11 സ്റ്റേഷനുകളാണുള്ളത്. രണ്ടാംഘട്ട പദ്ധതിയിലെ നാലാം ഇടനാഴിയുടെ ഭാഗമായ മഞ്ഞ പാതയിൽ ഡ്രൈവറില്ലാ ട്രെയിൻ സർവീസുകൾക്ക് അനുയോജ്യമായ അത്യാധുനിക സിഗ്നലിങ് സംവിധാനവും 3.7 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടനില ഘടനയും ഉൾപ്പെടുത്തിയിട്ടുണ്ട്. പൂനമല്ലി ബൈപാസ്, പൂനമല്ലി ബസ് സ്റ്റാൻഡ്, പൂനമല്ലി ഗവൺമെന്റ് ആശുപത്രി, കാരയാഞ്ചവാടി, കുമണഞ്ചവാടി, കാട്ടുപാക്കം, അയ്യപ്പൻതാങ്കൾ, തെളളിയരഗരം, പോരൂർ ബൈപാസ്, പോരൂർ ജംഗ്ഷൻ, വടപളനി എന്നിവയാണ് പുതിയ സ്റ്റേഷനുകൾ.
ഞായറാഴ്ച വൈകിട്ട് നാലുമുതൽ രാത്രി ഒമ്പതുവരെ പൊതുജനങ്ങൾക്ക് മെട്രോ സർവീസ് ലഭ്യമാകും. തിങ്കളാഴ്ച മുതൽ രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെയായിരിക്കും സർവീസ്. തിരക്കേറിയ സമയങ്ങളിൽ പത്തുമിനിറ്റ് ഇടവിട്ടും മറ്റു സമയങ്ങളിൽ 15 മിനിറ്റ് ഇടവിട്ടുമാണ് ട്രെയിനുകൾ സർവീസ് നടത്തുക.
ഗതാഗതം, ദേശീയപാതകൾ, റെയിൽവേ, തുറമുഖങ്ങൾ, പെട്രോളിയം, ഗവേഷണം തുടങ്ങിയ മേഖലകളിലായി 13,000 കോടി രൂപയിലധികം ചെലവുവരുന്ന വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. ദേശീയപാത 744-ലെ വടുഗപട്ടി–തെർക്കുവെങ്ങനല്ലൂർ പാത നാലുവരിയാക്കൽ, ദേശീയപാത 744എയിലെ മധുര റിങ് റോഡ് വികസനം, ദേശീയപാത 83-ലെ തിരുവാരൂർ നാലുവരി ബൈപാസ് നിർമാണം എന്നിവ ഇതിൽ ഉൾപ്പെടുന്നു. 750 കോടി രൂപയിലധികം ചെലവുവരുന്ന റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.


