കൊച്ചി: ആലുവ കുന്നത്തേരിയിൽ വാടകയ്ക്ക് താമസിക്കുന്ന 15 വയസ്സുകാരനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കാക്കനാട് വികാസവാണി ഭാഗത്ത് വെളുത്തേടത്ത് പറമ്പിൽ മുൻസിർ (21), ആലുവ മുച്ചംകുളം ചിറമേൽ പറമ്പിൽ ഷാജഹാൻ (23) എന്നിവരെയാണ് ആലുവ സി.ഐ. പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളിൽ ഒരാളും 15 വയസ്സുകാരന്റെ സുഹൃത്തും തമ്മിലുള്ള ശത്രുതയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ശനിയാഴ്ച ഉച്ചയോടെ സുഹൃത്തിനെ അന്വേഷിച്ചാണ് പ്രതികൾ കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് കുട്ടിയെ ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയി പെരിങ്ങാലയിലെ വീട്ടിലെത്തിച്ച് ആക്രമിക്കുകയായിരുന്നു. ബ്ലേഡ് ഉപയോഗിച്ച് കുട്ടിയുടെ ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ മാതാവ് ആലുവ പൊലീസിൽ പരാതി നൽകി. ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി നൽകിയ വിവരം അറിഞ്ഞ പ്രതികൾ കുട്ടിയെ കങ്ങരപ്പടിയിലെ ബസ് സ്റ്റോപ്പിന് സമീപം ഇറക്കിവിട്ടു. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
നിരവധി കേസുകളിൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയതോടെ പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ഊർജിതമാക്കി. ശനിയാഴ്ച രാത്രി പള്ളിക്കരയിലെ പെട്രോൾ പമ്പിൽ വാഹനത്തിൽ ഇന്ധനം നിറയ്ക്കാനെത്തിയ സംഘത്തിലെ രണ്ടുപേരെ പൊലീസ് വളഞ്ഞു. പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതികൾ കത്തി വീശി പൊലീസിനെ ആക്രമിച്ചു. ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റു. തുടർന്ന് സാഹസികമായാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഒന്നാം പ്രതി പത്ത് കേസുകളിലും രണ്ടാം പ്രതി ആറ് കേസുകളിലും ഉൾപ്പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ആലുവ ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ മേൽനോട്ടത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ സി.ഐ. പി.എം. ഷമീർ, എസ്.ഐമാരായ ബെന്നി കുര്യാക്കോസ്, സുരേഷ് കുമാർ, സി.പി.ഒമാരായ മാഹിൻ ഷാ, അബൂബക്കർ, മുഹമ്മദ് ഷാഹിൻ, കെ.എം. മനോജ് എന്നിവർ ഉൾപ്പെട്ടിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട മൂന്നാമനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.




