കൊച്ചി: മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടക്കുന്നതായി മരിച്ച പാലക്കാട് സ്വദേശി ഗോപികയുടെ കുടുംബം ആരോപിച്ചു. ഗുരുതരമായ കുറ്റം ചെയ്തിട്ടും പ്രതിയായ സുഹൈൽ സജീവിനെ ജുവനൈൽ ഹോമിലേക്ക് മാറ്റിയതിൽ കുടുംബം ആശങ്ക പ്രകടിപ്പിച്ചു.
ഗോപികയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി തുന്നിക്കെട്ടിയശേഷം വീണ്ടും രക്തസാമ്പിൾ ശേഖരിച്ചതിലും കുടുംബം സംശയം ഉന്നയിച്ചു. കേസിൽ മകൾക്ക് നീതി ലഭിക്കുമോ എന്ന ആശങ്കയുണ്ടെന്ന് ഗോപികയുടെ അച്ഛൻ പറഞ്ഞു. മകൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മയും വികാരാധീനയായി പ്രതികരിച്ചു.
അതേസമയം, അപകടത്തിൽ പ്രതിയായ ഡ്രൈവർ സുഹൈൽ സജീവിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നതിനാവശ്യമായ റിപ്പോർട്ട് മോട്ടോർ വാഹന വകുപ്പിനും കൈമാറും. കേസിന്റെ അന്വേഷണം ശക്തമാക്കുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.




