പത്തനംതിട്ട: അടൂരിലെ സംഘർഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ടതിനെച്ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ ഭിന്നത. രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി അടൂർ ബ്ലോക്ക് പ്രസിഡന്റ് ആബിദ് ഷെഹീം രംഗത്തെത്തി. രാഹുലിന് പാർട്ടി ഒരു പരിഗണനയും നൽകുന്നില്ലെന്നും കോൺഗ്രസുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ലെന്നും ആബിദ് ഷെഹീം വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെ കെപിസിസി പ്രസിഡന്റ് പാർട്ടിയിൽനിന്ന് പുറത്താക്കിയതാണ്. സംഘർഷസ്ഥലത്ത് രാഹുൽ എത്തിയത് സുഹൃത്തുക്കൾക്കൊപ്പമായിരിക്കാമെന്നും അതിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്നും ബ്ലോക്ക് പ്രസിഡന്റ് പ്രതികരിച്ചു. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാവാണെന്നും അദ്ദേഹത്തിനെതിരെ നേരത്തെ നടപടി സ്വീകരിച്ചത് കെപിസിസിയാണെന്നും ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ പ്രതികരിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് അടൂരിൽ എസ്എഫ്ഐ–യൂത്ത് കോൺഗ്രസ് സംഘർഷമുണ്ടായത്. അടൂർ ജനറൽ ആശുപത്രിയിൽവച്ച് എസ്എഫ്ഐ നേതാക്കളെ രാഹുൽ മാങ്കൂട്ടത്തിലിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സംഘം മർദിച്ചെന്നാണ് പരാതി. രാഹുൽ മാങ്കൂട്ടത്തിൽ, ഫെനി നൈനാൻ, അനന്തു ഗോപൻ എന്നിവരടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
നാല് കാറുകളിലായെത്തിയ സംഘം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ച് സഹിൽ, പ്രണവ് എന്നിവരെ മർദിച്ചെന്നാണ് ആരോപണം. എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരാണോയെന്ന് ചോദിച്ചശേഷമാണ് ആക്രമിച്ചതെന്ന് എസ്എഫ്ഐ നേതാക്കൾ ആരോപിച്ചു. ഇടിവള ഉപയോഗിച്ച് ഇടിക്കുകയും കമ്പുകൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്തതായും പരാതിയുണ്ട്.
സംഭവത്തിനിടെ രാഹുൽ മാങ്കൂട്ടത്തിലിനും സുഹൃത്തിനും മർദനമേറ്റിരുന്നു. രാഹുലിനെയും സുഹൃത്തിനെയും ഡിവൈഎഫ്ഐ–എസ്എഫ്ഐ പ്രവർത്തകർ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അടൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കിടയിൽ വ്യത്യസ്ത നിലപാടുകൾ ഉയർന്നതോടെ പാർട്ടിക്കുള്ളിലെ ഭിന്നതയും പുറത്തുവന്നിരിക്കുകയാണ്.




