കൊച്ചി: ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹം മോഷ്ടിച്ച കേസിലെ പ്രതി മറ്റൊരു വീട്ടിൽ ഉരുളി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായി. എളമക്കര പടപുരയ്ക്കൽ വീട്ടിൽ ആർ. മഹാരാജ് (64) ആണ് അറസ്റ്റിലായത്. ഇയാൾ താമസിച്ചിരുന്ന വാടകവീട്ടിൽ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച വിഗ്രഹം കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിൽനിന്ന് പിച്ചള വിഗ്രഹവും കാണിക്കവഞ്ചിക്ക് സമീപത്തുനിന്ന് നാരങ്ങാമാലയും പണവും മോഷണം പോയത്. സംഭവത്തിൽ എളമക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രത്തിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്.
അന്വേഷണത്തിനിടെ പോണേക്കരയിൽ പണിക്കുപോയ വീട്ടിൽനിന്ന് ഉരുളി മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മഹാരാജ് പിടിയിലായത്. തുടർന്ന് കതൃക്കടവിൽ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പൊലീസ് പരിശോധന നടത്തി. ഇവിടെനിന്നാണ് ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച പിച്ചള വിഗ്രഹം കണ്ടെത്തിയത്.
24,000 രൂപ വിലവരുന്ന ഗണപതി വിഗ്രഹം സൗത്ത് ഇന്ത്യൻ ബാങ്ക് ഇടപ്പള്ളി ക്ഷേത്രത്തിന് സ്പോൺസർ ചെയ്തതാണെന്ന് അധികൃതർ അറിയിച്ചു.
എസിപി സിബി ടോമിന്റെ നിർദേശപ്രകാരം സ്പെഷൽ സ്ക്വാഡിലെ എസ്ഐ അഫ്സൽ, സീനിയർ സിപിഒ ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. മോഷണവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.




