കൊച്ചി: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി നൽകിയ ഹർജി പരിഗണിക്കവെ, കേസിൽ തുടർനടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി. പി.എസ്.സി ഹർജി നൽകിയെന്ന കാരണത്താൽ അന്വേഷണം നിർത്തിവയ്ക്കേണ്ടതില്ലെന്ന് ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. കേസിൽ കോടതി സ്റ്റേ അനുവദിച്ചിട്ടില്ലെന്നും ഹർജി പരിഗണനയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണവുമായി മുന്നോട്ടുപോകാമെന്നും വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ മറുപടി നൽകാൻ പി.എസ്.സി ഇന്ന് കൂടുതൽ സമയം തേടി. തുടർന്ന് കേസ് രണ്ട് ദിവസത്തിന് ശേഷം പരിഗണിക്കാൻ കോടതി തീരുമാനിച്ചു. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് തടസ്സമില്ലെന്ന് വ്യക്തമായി.
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിനോട് സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പി.എസ്.സി എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ ബോധപൂർവം മൂല്യനിർണയം നടത്തിയില്ലെന്നാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തൽ.
അതിനിടെ, പുനർമൂല്യനിർണയത്തിന് പിന്നാലെ പരീക്ഷയുടെ റാങ്ക് പട്ടികയിൽ വലിയ മാറ്റമുണ്ടായി. പരാതിക്കാരനായ ശ്യാം കൃഷ്ണൻ ഒന്നാം റാങ്കിലെത്തി. പുതുക്കിയ റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ പി.എസ്.സി വേഗത്തിൽ ഉപദേശക മെമ്മോയും നൽകി.




