തൃശ്ശൂർ: നാട്ടിക ടോൾ പ്ലാസയിൽ ദേശീയപാതാ നിർമാണം പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിവ് ആരംഭിച്ചതിനെതിരെ എൽഡിഎഫും യുഡിഎഫും പ്രതിഷേധിച്ചു. ഇരു മുന്നണികളും റോഡ് ഉപരോധിച്ചാണ് സമരം നടത്തിയത്. ടോൾ പിരിവിനെതിരെ കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ദിവസവും പ്രതിഷേധം നടക്കുന്നുണ്ട്. എൽഡിഎഫ്, യുഡിഎഫ്, ബിജെപി തുടങ്ങിയ രാഷ്ട്രീയ കക്ഷികൾക്കൊപ്പം പ്രദേശവാസികളും നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം എൽഡിഎഫ് പ്രവർത്തകരാണ് സമരം നടത്തിയത്. പിന്നാലെ കോൺഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർ ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. പ്രവർത്തകരെ തടയാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിക്കുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. റോഡിലിരുന്ന് ഉപരോധം നടത്തിയ പ്രവർത്തകർ ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ ഉന്തുംതള്ളും സംഘർഷവുമുണ്ടായി. തുടർന്ന് പൊലീസ് വീണ്ടും ജലപീരങ്കി പ്രയോഗിക്കുകയും ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ദേശീയപാതയുടെ നിർമാണപ്രവൃത്തികൾ ഭൂരിഭാഗവും പൂർത്തിയാകാതെയാണ് കരാർ കമ്പനി ടോൾ പിരിവുമായി മുന്നോട്ടുപോകുന്നതെന്നാണ് സമരക്കാരുടെ ആരോപണം. ഏകദേശം 16 കിലോമീറ്റർ ദൂരത്തിൽ സർവീസ് റോഡുകളുടെ നിർമാണം ഇനിയും പൂർത്തിയാക്കാനുണ്ട്. കൂടാതെ, 20 കിലോമീറ്ററോളം ദൂരത്തിൽ വഴിവിളക്കുകൾ സ്ഥാപിച്ചിട്ടില്ലെന്നും ചേറ്റുവ ഉൾപ്പെടെയുള്ള പ്രധാന പാലങ്ങളുടെ നിർമാണം പൂർത്തിയായിട്ടില്ലെന്നും സമരക്കാർ ചൂണ്ടിക്കാട്ടുന്നു.
കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. കോൺഗ്രസ് ജില്ലാ നേതാക്കളായ ജോസ് വള്ളൂർ, സുനിൽ ലാലൂർ എന്നിവരടക്കമുള്ള നേതാക്കളെയും പ്രവർത്തകരെയും ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
നിർമാണം പൂർത്തിയാകാത്ത റോഡിലെ ടോൾ പിരിവ് നിർത്തിവയ്ക്കുന്നതുവരെ സമരം തുടരുമെന്നാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും നിലപാട്.




