തിരുവനന്തപുരം: ആറ്റിങ്ങലിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അയിലം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയായ ഗൗരി പാർവതി (15) ആണ് മരിച്ചത്.
അയിലം ചന്തയ്ക്ക് സമീപം താമസിക്കുന്ന ഷിമി–ഷൈജു ദമ്പതികളുടെ മകളാണ് ഗൗരി പാർവതി. ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം. വീട്ടിൽ കുട്ടിയെ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് അമ്മയും അയൽവാസികളും ചേർന്ന് ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
ഗൗരിയുടെ അച്ഛൻ ഷൈജു കഴിഞ്ഞ രണ്ടുവർഷമായി വിദേശത്താണ്. അമ്മ ഷിമി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരിയായി ജോലി ചെയ്യുകയാണ്. കുട്ടിയുടെ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മരണകാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്.




