കൊച്ചി: ദേശീയപാത 66-ലെ നാട്ടികയിലെ ടോൾ പിരിവിന് ഇടക്കാല സ്റ്റേ ഇല്ല. ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച ഹൈക്കോടതി, ദേശീയപാത അതോറിറ്റിയോടും ജില്ലാ കളക്ടറോടും റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. ഹർജി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ദേശീയപാതയുടെ നിർമാണപ്രവൃത്തികൾ പൂർത്തിയാകുന്നതുവരെ നാട്ടികയിലെ ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടാണ് പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. സർവീസ് റോഡ് ഉൾപ്പെടെയുള്ള നിർമാണങ്ങൾ പൂർത്തിയാക്കാതെയാണ് ടോൾ പിരിക്കുന്നത് എന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.
എന്നാൽ, ടോൾ പിരിവ് തുടരണമെന്ന നിലപാടാണ് ദേശീയപാത അതോറിറ്റി കോടതിയിൽ സ്വീകരിച്ചത്. നാട്ടികയിലെ ദേശീയപാതയിൽ 51 കിലോമീറ്റർ ദൂരത്തെ നിർമാണം പൂർത്തിയായെന്നും ഇനി ഒൻപത് കിലോമീറ്റർ മാത്രമാണ് പ്രവൃത്തി ബാക്കിയുള്ളതെന്നും അതോറിറ്റി അറിയിച്ചു. വിജ്ഞാപനപ്രകാരം 51 കിലോമീറ്റർ ദൂരത്തേക്ക് ടോൾ പിരിക്കാമെന്നും വ്യക്തമാക്കി.
പ്രദേശവാസികൾക്ക് ടോൾ നിരക്കിൽ ഇളവുകളുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. പ്രതിമാസം 360 രൂപ നൽകിയാൽ പ്രദേശവാസികൾക്ക് ടോൾ കടന്നുപോകാമെന്നും അതോറിറ്റി വ്യക്തമാക്കി. ടോൾ പിരിവ് നിർത്തിവയ്ക്കാനാകില്ലെന്നും കോടതിയിൽ നിലപാടെടുത്തു.




