ഭോപ്പാൽ: മധ്യപ്രദേശിലെ രത്ലം ജില്ലയിൽ റെയിൽവേ ക്രോസിങ്ങിൽ കുടുങ്ങിയ കാറിലേക്ക് ട്രെയിൻ ഇടിച്ചുകയറി അപകടം. ബഞ്ചാലി–സെജാവത ബൈപ്പാസിലെ 192-ാം നമ്പർ ലെവൽ ക്രോസിങ്ങിലാണ് സംഭവം. ട്രാക്കിൽ കുടുങ്ങിയ കാറിലേക്ക് വൽസാദ്–ഹിസാർ എക്സ്പ്രസ് (04728) ഇടിച്ചുകയറുകയായിരുന്നു. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. പ്രണവ് ഉപാധ്യായ ഓടിച്ചിരുന്ന കാറാണ് ട്രാക്കിൽ കുടുങ്ങിയത്.
ലെവൽ ക്രോസിങ് ഗേറ്റ് അടച്ചതോടെ കാറിന് മുന്നോട്ടോ പിന്നോട്ടോ നീങ്ങാനാകാത്ത സാഹചര്യമുണ്ടായി. ഇതിനിടെ ട്രെയിൻ അതിവേഗത്തിൽ അടുത്തെത്തി കാറിൽ ഇടിക്കുകയായിരുന്നു. ട്രാക്കിൽ കാർ കിടക്കുന്നത് ദൂരെനിന്ന് കണ്ട ലോക്കോ പൈലറ്റ് ഉടൻതന്നെ ട്രെയിനിന്റെ വേഗം കുറച്ചു. ഇതോടെ ഇടിയുടെ ആഘാതം കുറയുകയും വൻ അപകടം ഒഴിവാകുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വിവരമറിഞ്ഞ് ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും ജില്ലാ അധികൃതരും സ്ഥലത്തെത്തി.
ക്രെയിൻ ഉപയോഗിച്ച് കാർ ട്രാക്കിൽനിന്ന് നീക്കിയ ശേഷമാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗേറ്റ് ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. കാർ എങ്ങനെ ട്രാക്കിൽ കുടുങ്ങിയെന്നും ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കാൻ രത്ലം ഡിവിഷണൽ റെയിൽവേ മാനേജർ അശ്വിനി കുമാർ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.




