കോട്ടയം: വൈക്കം സിഐ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. സിഐ ഷമീർ ഖാൻ അനധികൃതമായി പണം കൈപ്പറ്റിയെന്ന രഹസ്യവിവരത്തെ തുടർന്നാണ് വിജിലൻസ് പരിശോധന നടത്തിയത്. സ്റ്റേഷൻ പരിധിയിലെ ടിപ്പർ, ടോറസ്, ലോറി ഉടമകളിൽനിന്നും മണ്ണ് മാഫിയകളിൽനിന്നും വിവിധ കേസുകളിലെ പ്രതികളിൽനിന്നും വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിലാണ് നടപടി.
നേരിട്ടും യുപിഐ ഇടപാടുകൾ വഴിയും പണം കൈപ്പറ്റുന്നുവെന്നായിരുന്നു വിജിലൻസിന് ലഭിച്ച വിവരം. പരിശോധനയിൽ അസം സ്വദേശിയായ ജോഗട്ട് ഗൊഗോയിയുടെ അക്കൗണ്ടിൽനിന്ന് ഏകദേശം 2.28 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയതായാണ് കണ്ടെത്തലെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു. സിഐയുടെ പക്കൽനിന്ന് മൊബൈൽ ഫോണും എടിഎം കാർഡും കണ്ടെത്തി.
അസം സ്വദേശിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ആരംഭിച്ച് അതുവഴിയാണ് കൈക്കൂലി പണം കൈപ്പറ്റിയിരുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. ആധാർ, പാൻ കാർഡ് വിവരങ്ങൾ ഉപയോഗിച്ച് അക്കൗണ്ട് ആരംഭിച്ചതായും വൈക്കം സ്വദേശിനിയുടെ ഫോണിൽ യുപിഐ അക്കൗണ്ട് സജ്ജീകരിച്ച് പണം സ്വീകരിച്ചതായും വിവരമുണ്ട്.
അക്കൗണ്ട് ആരംഭിച്ച കനറാ ബാങ്കിലും ഇതുമായി ബന്ധപ്പെട്ട പരിശോധനകൾ തുടരുകയാണ്. പണമിടപാടുകളുടെ ഉറവിടവും ഇടപാടുകളിൽ പങ്കുള്ളവരും ആരൊക്കെയാണെന്നതടക്കമുള്ള കാര്യങ്ങൾ വിജിലൻസ് പരിശോധിച്ചുവരികയാണ്.
വിജിലൻസ് പൊലീസ് സൂപ്രണ്ട് ബിനുവിന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി പ്രദീപ് കുമാറും മറ്റ് ഇൻസ്പെക്ടർമാരും പരിശോധനയിൽ പങ്കെടുത്തു. സംഭവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും രേഖകളും പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാനാണ് വിജിലൻസിന്റെ നീക്കം.



