കൊച്ചി: മട്ടാഞ്ചേരി സിനഗോഗിന് മുന്നിലെ തീവെയ്പ്പ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കേസിലെ പ്രതി എബിൻ പോളിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടതിന് പ്രതിക്ക് ക്രിപ്റ്റോ കറൻസി വഴി പണം ലഭിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ യുഎപിഎ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
ആക്രമണങ്ങൾക്ക് നിർദേശങ്ങൾ നൽകിയതായി സംശയിക്കുന്ന ‘ബോസ്’ എന്നറിയപ്പെടുന്ന വ്യക്തിയെ കണ്ടെത്താനുള്ള അന്വേഷണവും ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ നിർദേശപ്രകാരമാണ് എബിൻ വിവിധ സ്ഥലങ്ങളിൽ ആക്രമണങ്ങൾ നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എറണാകുളം ബ്രോഡ്വേയിലെ സിനഗോഗിന് തീയിടുന്നതിന് മുമ്പ് എബിൻ പരിശീലനം നടത്തിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ട സംഭവത്തിൽ അഡ്വാൻസായി ഏകദേശം 5,000 രൂപയുടെ ക്രിപ്റ്റോ കറൻസി ലഭിച്ചതായാണ് വിവരം.
ടെലഗ്രാം അക്കൗണ്ട് വഴിയായിരുന്നു പ്രതിയും നിർദേശങ്ങൾ നൽകിയതായി സംശയിക്കുന്ന വ്യക്തിയും തമ്മിലുള്ള ആശയവിനിമയം. സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിനും പണം ലഭിച്ചിരുന്നുവെന്ന് നേരത്തേ അന്വേഷണത്തിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
‘ബോസ്’ എന്നറിയപ്പെടുന്ന വ്യക്തിയെ തിരിച്ചറിയുന്നതിനായി ഡിജിറ്റൽ രേഖകൾ വിശദമായി പരിശോധിച്ചുവരികയാണ്. എബിൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണിൽനിന്ന് വിവരങ്ങൾ വീണ്ടെടുത്ത പൊലീസ്, കോളുകൾ, ചാറ്റുകൾ, ഓഡിയോ-വീഡിയോ ഫയലുകൾ, മറ്റ് ഡിജിറ്റൽ രേഖകൾ എന്നിവ പരിശോധിക്കുന്നുണ്ട്.
ആക്രമണങ്ങൾക്കായി പണവും മറ്റ് പ്രതിഫലങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്. സംഭവത്തിന് പിന്നിൽ അന്താരാഷ്ട്ര ബന്ധങ്ങളുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നതായാണ് വിവരം.
കേസിന്റെ സ്വഭാവവും ആക്രമണങ്ങൾക്ക് പിന്നിലെ ആസൂത്രണത്തെക്കുറിച്ചുള്ള സംശയങ്ങളും കണക്കിലെടുത്താണ് യുഎപിഎ ചുമത്താനുള്ള നീക്കം അന്വേഷണ സംഘം ആരംഭിച്ചിരിക്കുന്നത്.
ആക്രമണങ്ങൾക്ക് പിന്നിലെ വ്യക്തികളെ തിരിച്ചറിയുക, സാമ്പത്തിക ഇടപാടുകളുടെ ഉറവിടം കണ്ടെത്തുക, സംഭവങ്ങൾക്ക് പിന്നിൽ കൂടുതൽ പേരുടെ പങ്കുണ്ടോയെന്ന് പരിശോധിക്കുക എന്നിവയാണ് അന്വേഷണത്തിലെ പ്രധാന ലക്ഷ്യങ്ങൾ. ഡിജിറ്റൽ തെളിവുകളുടെ പരിശോധന പൂർത്തിയാകുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.




