തിരുവനന്തപുരം: വഖഫ് ബോർഡ് പിരിച്ചുവിട്ട സംസ്ഥാന സർക്കാർ നടപടിക്കെതിരെ വിമർശനവുമായി പിണറായി വിജയൻ. വഖഫ് നിയമപ്രകാരം കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിലവിലെ ഭരണസമിതിയെ പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് നിയമപരമായി അധികാരമില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു.
2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ മുസ്ലിം ലീഗ് നേതാവ് റഷീദലി തങ്ങൾ ചെയർമാനായിരുന്ന വഖഫ് ബോർഡിനെ പിരിച്ചുവിടാതെ കാലാവധി പൂർത്തിയാക്കാൻ അനുവദിച്ചിരുന്നുവെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടി. എന്നാൽ, നിലവിലെ സാഹചര്യത്തിൽ യുഡിഎഫ് സർക്കാർ അത്തരമൊരു ജനാധിപത്യ മര്യാദ കാട്ടിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഹൈക്കോടതിയുടെ പരാമർശത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് വഖഫ് ബോർഡ് പിരിച്ചുവിടാനുള്ള നടപടിയുണ്ടായതെന്നാണ് പിണറായി വിജയന്റെ ആരോപണം. ഈ നടപടി ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്നതും സംഘപരിവാർ അജണ്ടകൾക്ക് സഹായകരമാകുന്നതുമാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
വഖഫ് ബോർഡ് പിരിച്ചുവിട്ടുകൊണ്ടുള്ള സർക്കാർ ഉത്തരവ് അടിയന്തരമായി റദ്ദാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.


