ന്യൂഡൽഹി: ദസറ ആഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ പിതംപുരയിൽ 30 അടി ഉയരമുള്ള പാറ്റയുടെ കോലം കത്തിച്ചതിൽ പ്രതികരണവുമായി സിജെപി നേതാവ് അഭിജീത് ദീപ്കെ. സൗജന്യ പ്രചാരണത്തിന് നന്ദിയെന്നായിരുന്നു എക്സിലൂടെ അദ്ദേഹം നടത്തിയ പ്രതികരണം.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ നേതാജി സുഭാഷ് പ്ലേസ് ഗ്രൗണ്ടിൽ നടന്ന ദസറ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പങ്കുവെച്ചിരുന്നു. രാവണൻ, കുംഭകർണൻ, മേഘനാഥൻ എന്നിവരുടെ പരമ്പരാഗത കോലങ്ങൾക്കൊപ്പം കത്തിക്കാനായി ഒരുക്കിയ 30 അടി ഉയരമുള്ള പാറ്റയുടെ കോലവും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അഭിജീത് ദീപ്കെ പ്രതികരണവുമായി രംഗത്തെത്തിയത്.
ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെയാണ് പാറ്റയുടെ കോലം കത്തിക്കാൻ സംഘാടകർ തീരുമാനിച്ചത്. ബിജെപി എംഎൽഎ അശോക് ഗോയൽ ദേവരഹ അധ്യക്ഷനായ ശ്രീ കേശവ് രാംലീല കമ്മിറ്റിയാണ് മറ്റ് കോലങ്ങൾക്കൊപ്പം പാറ്റയുടെ കോലവും കത്തിച്ചത്.
വീടുകൾ, പരിസരങ്ങൾ, സമൂഹം എന്നിവിടങ്ങളിൽനിന്ന് മാലിന്യം പൂർണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് കമ്മിറ്റി പ്രസിഡന്റ് അശോക് ഗോയൽ ദേവരഹ എഎൻഐയോട് പറഞ്ഞു.
അതേസമയം, ഡൽഹിയിലെ എകെജി ഭവന് മുന്നിൽ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ച് സിപിഎമ്മും പ്രതിഷേധിച്ചു. ‘എസ്ഐആർ’, ‘വോട്ട് ചോരി’ എന്നീ വാക്കുകൾ എഴുതിയ കോലമാണ് കത്തിച്ചത്.
ദസറയുടെ ഭാഗമായി ജനാധിപത്യത്തെ തകർക്കുന്ന ദുഷ്ടശക്തികളെ പ്രതീകാത്മകമായി കത്തിച്ചുകളയുകയാണെന്നായിരുന്നു സിപിഎം നേതാവ് ബൃന്ദ കാരാട്ടിന്റെ പ്രതികരണം. തിന്മയ്ക്കുമേൽ നന്മ നേടുന്ന വിജയമാണ് ദസറയെന്നും തിന്മയുടെ നാശമാണ് സമരത്തിന്റെ ലക്ഷ്യമെന്നും എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജിയും പറഞ്ഞു.




