സൂറിച്: 2026 ലോകകപ്പിൽ അർജന്റീനയോട് പ്രീക്വാർട്ടറിൽ തോറ്റതിന് പിന്നാലെ മാച്ച് ഒഫീഷ്യലുകളുമായി തർക്കത്തിലേർപ്പെട്ട ഈജിപ്ത് പരിശീലകൻ ഹൊസം ഹസനും മുന്നേറ്റതാരം മുസ്തഫ സീക്കോയ്ക്കും ഫിഫയുടെ വിലക്ക്. പരിശീലകൻ ഹൊസം ഹസന് മൂന്ന് മത്സരങ്ങളിലും മുസ്തഫ സീക്കോയ്ക്ക് അഞ്ച് മത്സരങ്ങളിലുമാണ് വിലക്കേർപ്പെടുത്തിയത്.
റഫറിമാർക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തത് ഫുട്ബോളിന്റെ അച്ചടക്കത്തിന് നിരക്കാത്തതാണെന്ന് വിലയിരുത്തിയാണ് ഫിഫയുടെ നടപടി. ഇതോടെ വരാനിരിക്കുന്ന ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് യോഗ്യതാ മത്സരങ്ങളിൽ ഇരുവർക്കും പങ്കെടുക്കാനാകില്ല. ഫിഫയുടെ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് ഈജിപ്ഷ്യൻ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.
ആവേശകരമായ മത്സരത്തിൽ ആദ്യം ലീഡ് നേടിയെങ്കിലും അർജന്റീനയോട് 3–2ന് പരാജയപ്പെട്ടതോടെയാണ് ഈജിപ്ത് ലോകകപ്പിൽനിന്ന് പുറത്തായത്. മത്സരത്തിനിടെ മുസ്തഫ സീക്കോ നേടിയ മനോഹരമായ സോളോ ഗോൾ വിഡിയോ അസിസ്റ്റന്റ് റഫറിയുടെ (വാർ) പരിശോധനയ്ക്കുശേഷം അനുവദിക്കാതിരുന്നത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മത്സരശേഷം ഈജിപ്ത് ടീം അംഗങ്ങൾ മാച്ച് ഒഫീഷ്യലുകളുമായി തർക്കത്തിലേർപ്പെട്ടത്.
60കാരനായ പരിശീലകൻ ഹൊസം ഹസന്റെ പ്രതിഷേധം രൂക്ഷമായതോടെ കൂടുതൽ ഒഫീഷ്യലുകൾക്ക് ഇടപെടേണ്ടിവന്നു. മത്സരശേഷം നടന്ന അഭിമുഖത്തിൽ മുസ്തഫ സീക്കോ റഫറിയെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചതായും റിപ്പോർട്ടുകളുണ്ട്.
ലോകകപ്പിലെ ശ്രദ്ധേയമായ പോരാട്ടങ്ങളിലൊന്നായിരുന്നു അർജന്റീനയും ഈജിപ്തും തമ്മിലുണ്ടായത്. മത്സരത്തിന്റെ തുടക്കത്തിൽ ഈജിപ്ത് 2–0ന് മുന്നിലെത്തിയെങ്കിലും ശക്തമായി തിരിച്ചടിച്ച അർജന്റീന 3–2ന് വിജയം സ്വന്തമാക്കി. ഈജിപ്ത് മുന്നിട്ടുനിൽക്കുമ്പോൾ സീക്കോ നേടിയ ഗോൾ അനുവദിക്കാതിരുന്നതും 2–2 സമനിലയിൽ നിൽക്കെ സൂപ്പർതാരം മുഹമ്മദ് സലായെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് പെനാൽറ്റി അനുവദിക്കാതിരുന്നതും വിവാദങ്ങൾക്ക് കാരണമായി.
ലോകകപ്പ് അർജന്റീനയ്ക്ക് അനുകൂലമായി മുൻകൂട്ടി നിശ്ചയിച്ചതാണെന്നും ഫിഫയുടെ നടപടികൾ മാർക്കറ്റിങ് തന്ത്രങ്ങളുടെ ഭാഗമാണെന്നും ഹൊസം ഹസൻ ആരോപിച്ചിരുന്നു. റഫറിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന ആരോപണവും മുസ്തഫ സീക്കോ നേരിടുന്നുണ്ട്.




