കൊൽക്കത്ത: ദുർഗാപൂജയോടനുബന്ധിച്ച് സിപിഎം സ്ഥാപിച്ച ബുക്ക് സ്റ്റാളുകൾ തകർത്ത സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ ഹർജി കൊൽക്കത്ത ഹൈക്കോടതി തള്ളി. സിപിഎമ്മിന്റെ ജാദവ്പുർ ഏരിയ കമ്മിറ്റിയാണ് ഹർജി സമർപ്പിച്ചത്.
ജസ്റ്റിസ് പാർത്ഥ പ്രഥിം റോയ് ഉൾപ്പെട്ട സിംഗിൾ വെക്കേഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. സമാന വിഷയത്തിൽ മറ്റൊരു ഹർജി ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുണ്ടെന്നും അത് ജനുവരിയിൽ പരിഗണിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതിനാൽ നിലവിലെ ഹർജി പ്രത്യേകം പരിഗണിക്കേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് നടപടി.
ദുർഗാപൂജയുടെ ഭാഗമായി പശ്ചിമ ബംഗാളിലെ വിവിധ സ്ഥലങ്ങളിൽ സിപിഎം സ്ഥാപിച്ച ബുക്ക് സ്റ്റാളുകൾക്ക് നേരെ ആക്രമണമുണ്ടായതായി പാർട്ടി ആരോപിച്ചിരുന്നു. സംസ്ഥാനത്തുടനീളം നൂറോളം സ്റ്റാളുകൾ ആക്രമിക്കപ്പെട്ടെന്നും ഇതിൽ 35 ഓളം സ്റ്റാളുകൾ പൂർണമായും തകർക്കപ്പെട്ടെന്നുമാണ് സിപിഎമ്മിന്റെ ആരോപണം. ഇത്തവണ 600-ലധികം ബുക്ക് സ്റ്റാളുകളാണ് പാർട്ടി സ്ഥാപിച്ചിരുന്നത്.
സംഭവത്തിനെതിരെ വിവിധ മേഖലകളിൽനിന്ന് വിമർശനം ഉയർന്നിരുന്നു. ആക്രമണം നിർഭാഗ്യകരവും നാണക്കേടുണ്ടാക്കുന്നതുമാണെന്ന് മന്ത്രി സ്വപൻ ദാസ്ഗുപ്ത പ്രതികരിച്ചു. ബിജെപി സംസ്ഥാന ഘടകവും സംഭവത്തെ അപലപിച്ചു.
ബുക്ക് സ്റ്റാളുകൾ തകർത്തതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ പറഞ്ഞു. സംഭവത്തിൽ ബിജെപി പ്രവർത്തകർക്ക് പങ്കില്ലെന്നും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെക്കുറിച്ച് ജാഗ്രത പാലിക്കാൻ പ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റാളുകൾ തകർത്തവർക്കെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.




