കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പിണറായി വിജയനെ ചോദ്യം ചെയ്യാനിരിക്കെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗം നാളെ കൊച്ചിയിൽ ചേരും. ചെന്നൈ സ്പെഷ്യൽ ഡയറക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ ഡൽഹിയിലെ ഇഡി ആസ്ഥാനത്തുനിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കും. പിണറായി വിജയനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കൊപ്പം മറ്റ് കേസുകളുടെ അവലോകനവും യോഗത്തിൽ നടക്കും. രണ്ട് ദിവസമായാണ് അവലോകന യോഗം നിശ്ചയിച്ചിരിക്കുന്നത്. സ്പെഷ്യൽ ഡയറക്ടർ ഇന്ന് കൊച്ചിയിലെത്തും.
ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പിണറായി വിജയന് ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ, ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ലെന്നാണ് പിണറായിക്ക് ലഭിച്ച നിയമോപദേശം. ഇതുമായി ബന്ധപ്പെട്ട റിട്ട് ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെ ഹാജരാകേണ്ടതില്ലെന്നാണ് നിർദേശം. ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം തേടേണ്ടതില്ലെന്നും നിയമോപദേശമുണ്ട്.
അതേസമയം, വിജിലൻസ് കേസിൽ പിണറായി വിജയനെ സംബന്ധിച്ച് ഇന്ന് നിർണായക ദിനമാണ്. വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ സമർപ്പിച്ച പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ അറസ്റ്റ് തടയണമെന്ന ഇടക്കാല ആവശ്യവും പിണറായി വിജയൻ ഉന്നയിച്ചേക്കും. ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ ഹർജികളും കോടതിയുടെ പരിഗണനയിലുണ്ട്.
ജസ്റ്റിസുമാരായ ജോയ് മല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട പ്രത്യേക ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ നിർദേശപ്രകാരമാണ് പ്രത്യേക അനുമതി ഹർജി പരിഗണിക്കുന്നത്. വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് എഫ്‌ഐആർ സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ അപ്പീൽ നൽകാനുള്ള അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിഷേധിച്ചതോടെയാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്.




