തിരുവനന്തപുരം: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മുൻമന്ത്രി വീണാ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തെറ്റായ മൊഴി നൽകിയെന്ന ആരോപണത്തിൽ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിക്ക് ശുപാർശ. ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ഉടൻ ഡിജിപിക്ക് കൈമാറും.
കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയതിന്റെ കാരണം കണ്ടെത്താൻ എസ്ഐടി അന്വേഷണം തുടരുകയാണ്. കേസ് അന്വേഷിച്ച റെയിൽവേ സിഐയുടെ മൊഴിയും സംഘം ഉടൻ രേഖപ്പെടുത്തും. കേസിൽ പ്രതികളായിരുന്ന അഞ്ച് കെഎസ്യു പ്രവർത്തകരോട് മൊഴി നൽകാൻ ഇന്ന് ഹാജരാകാനും എസ്ഐടി നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുൻമന്ത്രി വീണാ ജോർജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 25-നാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ അന്നത്തെ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്യു പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അഞ്ച് ഇടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടന്നിരുന്നു. പെരിങ്ങോത്ത് കരിങ്കൊടി കാണിച്ച യൂത്ത് ലീഗ് നേതാവ് ഷജീർ ഇക്ബാലിനെ സിപിഎം പ്രവർത്തകർ മർദിച്ചതാണ് കണ്ണൂരിലെ പ്രതിഷേധത്തിന് കാരണമായത്.
എന്നാൽ, മാരകായുധങ്ങളുമായി എത്തിയ കെഎസ്യു പ്രവർത്തകർ മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു അന്നത്തെ ഗൺമാൻ അഭിലാഷിന്റെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രവർത്തകർ രണ്ടാഴ്ചയോളം റിമാൻഡിലായിരുന്നു.
പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കെഎസ്യു പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ അന്വേഷണം നടത്താൻ എസ്ഐടിയെ നിയോഗിച്ചത്. ഗൺമാന്റെ മൊഴിയും കേസ് അന്വേഷണത്തിലെ നടപടികളും പരിശോധിച്ചുവരികയാണ്.




