കോഴിക്കോട്: കൂട്ടുകാർക്കൊപ്പം ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണ വിദ്യാർഥി മരിച്ചു. പയ്യാനക്കൽ സ്വദേശി വലിയതോട് പറമ്പിൽ ബഷീറിന്റെ മകൻ മുഹാദ് (18) ആണ് മരിച്ചത്. കോഴിക്കോട് മാങ്കാവ് മാനാരിയിലാണ് സംഭവം.
ചൊവ്വാഴ്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെയാണ് മുഹാദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് കുഴഞ്ഞുവീണ മുഹാദിനെ സുഹൃത്തുക്കൾ ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ക്രിസ്ത്യൻ കോളേജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു മുഹാദ്. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും.




