ന്യൂഡൽഹി: ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് ചുവടുവയ്ക്കാൻ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്കാർട്ട്. സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികൾക്ക് വെല്ലുവിളിയാകുന്ന പുതിയ സേവനം ഈ മാസം അവസാനത്തോടെ ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം ഓർഡർ ചെയ്ത് വീട്ടിലെത്തിക്കുന്ന സേവനത്തിന്റെ പരീക്ഷണം കമ്പനി ആരംഭിച്ചതായാണ് വിവരം.
‘ഈറ്റ്-ഇൻ ബൈ മിനിറ്റ്സ്’ പരീക്ഷണ ഘട്ടത്തിൽ
‘ഈറ്റ്-ഇൻ ബൈ മിനിറ്റ്സ്’ എന്ന പേരിലാണ് ഫ്ലിപ്കാർട്ട് പുതിയ ഭക്ഷണ വിതരണ സേവനം പരീക്ഷിക്കുന്നത്. ടെക്‌ക്രഞ്ചിന്റെ റിപ്പോർട്ട് ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടെക്കാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബെംഗളൂരുവിലാണ് ആദ്യഘട്ട പരീക്ഷണം നടക്കുന്നത്.
ഫ്ലിപ്കാർട്ടിന്റെ അതിവേഗ സാധന വിതരണ സേവനമായ ‘ഫ്ലിപ്കാർട്ട് മിനിറ്റ്സ്’ എന്ന പേരിനോട് ബന്ധപ്പെടുത്തിയാണ് പുതിയ സേവനത്തിന് ഈ പേര് നൽകിയിരിക്കുന്നതെന്നാണ് സൂചന. ഈ മാസം അവസാനത്തോടെ സേവനം ആരംഭിച്ചേക്കുമെങ്കിലും ആദ്യഘട്ടത്തിൽ ഏതെല്ലാം നഗരങ്ങളിൽ ലഭ്യമാകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുസംബന്ധിച്ച് ഫ്ലിപ്കാർട്ടിന്റെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
ഈ വർഷം ജൂലൈയിൽ ഭക്ഷണ വിതരണ സേവനം ആരംഭിക്കാൻ പദ്ധതിയിടുന്നതായി ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി സ്ഥിരീകരിച്ചിരുന്നു. പുതിയ സേവനം ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്ത് മത്സരം കൂടുതൽ ശക്തമാകുമെന്നാണ് വിലയിരുത്തൽ.



