കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഓഫീസുകളും കമ്പനികളും നിയമാനുസൃത പരിധിയിലധികം ഫീസ് ഈടാക്കുകയോ പണം സ്വീകരിച്ച ശേഷം രസീത് നൽകാതിരിക്കുകയോ ചെയ്താൽ പൊതുജനങ്ങൾക്ക് പരാതി നൽകാം. തൊഴിൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ‘റിപ്പോർട്ട് മീ’ എന്ന പുതിയ ഇലക്ട്രോണിക് സേവനം ആരംഭിച്ചു.
കുവൈത്തിലെ സഹേൽ ആപ്ലിക്കേഷൻ വഴിയാണ് ഈ സേവനം ഉപയോഗിച്ച് പരാതികൾ സമർപ്പിക്കേണ്ടത്. ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് സർക്കാർ നിശ്ചയിച്ച ഫീസ് പരിധി ലംഘിക്കുന്ന ഓഫീസുകൾക്കെതിരെയും പണം വാങ്ങിയിട്ടും രസീത് നൽകാത്ത സ്ഥാപനങ്ങൾക്കെതിരെയും പരാതി നൽകാം. തൊഴിൽ നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്ന മറ്റ് സംഭവങ്ങളും ഇതിലൂടെ റിപ്പോർട്ട് ചെയ്യാനാകും.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക, മനുഷ്യക്കടത്ത് തടയുക, തൊഴിൽ വിപണിയിലെ നിയമലംഘനങ്ങൾ കണ്ടെത്തുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. റിക്രൂട്ട്‌മെന്റ് മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി പരിശോധനകളും നിരീക്ഷണവും ശക്തമാക്കുമെന്ന് മാൻപവർ അതോറിറ്റി അറിയിച്ചു.




