ബെംഗളൂരു: ഭർത്താവിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയ യുവതിയെ ഒടുവിൽ പൊലീസ് സുരക്ഷിതമായി താഴെയിറക്കി. മൂന്ന് ദിവസം നീണ്ട സംഭവങ്ങൾക്കൊടുവിൽ പാവഗഡ സ്വദേശിനിയായ സിന്ധു (20)വിനെ വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ബെംഗളൂരുവിലെ നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റി.
ഈ മാസം ആറിനായിരുന്നു സിന്ധുവിന്റെയും ഗണേഷ് എന്ന യുവാവിന്റെയും വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് പത്ത് ദിവസത്തിനുള്ളിൽ സിന്ധുവിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടർന്ന് ഗണേഷ് വീട്ടിൽനിന്ന് പോയെന്നാണ് റിപ്പോർട്ട്. ഭർത്താവിനെ കാണാതായതോടെ സിന്ധു മദനായകനഹള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
കേസ് രജിസ്റ്റർ ചെയ്തിട്ടും ഭർത്താവിനെ കണ്ടെത്താൻ വൈകുന്നതായി ആരോപിച്ച് സിന്ധു തിരക്കേറിയ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് ഇടപെട്ടാണ് ഇവരെ അവിടെനിന്ന് മാറ്റിയത്. അടുത്ത ദിവസം മകാലി ഗ്രാമത്തിലെ മൊബൈൽ ടവറിന് മുകളിൽ കയറിയ സിന്ധു ആത്മഹത്യാഭീഷണി മുഴക്കി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ പൊലീസ് ഇവരെ താഴെയിറക്കി. തുടർന്ന് പാവഗഡയിലുള്ള അമ്മയുടെ വീട്ടിലേക്ക് അയച്ചു.
എന്നാൽ വീണ്ടും മദനായകനഹള്ളിയിൽ തിരിച്ചെത്തിയ സിന്ധു അതേ മൊബൈൽ ടവറിന് മുകളിൽ കയറി. തുടർന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ടവറിന് മുകളിലെത്തി യുവതിയെ സുരക്ഷിതമായി താഴെയിറക്കുകയായിരുന്നു.
സിന്ധുവിന്റെ തുടർച്ചയായ പെരുമാറ്റം കണക്കിലെടുത്താണ് വിദഗ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി നിംഹാൻസ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, കാണാതായ ഭർത്താവ് ഗണേഷിനെ കണ്ടെത്താനുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.




