ദോഹ: ഖത്തർ കെ.എം.സി.സി ഓഫീസിൽ നടന്ന എട്ടുകോടി രൂപയുടെ കവർച്ചയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുകളും വിവാദങ്ങളും ശക്തമാകുമ്പോഴും സംഘടനാ നേതൃത്വം മൗനം തുടരുന്നു. കവർച്ചയിൽ സംഘടനാ നേതൃത്വത്തിലെ ഒരു വിഭാഗത്തിന് പങ്കുണ്ടെന്ന വിമർശനവും ഉയരുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംഭവത്തിൽ പരിശോധന നടത്തുമെന്ന് മുസ്ലിം ലീഗ് നേതൃത്വം ഉറപ്പുനൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്നാണ് പ്രവർത്തകരുടെ ആരോപണം. ഇതിനിടെ, സംഭവത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വിമർശനമുന്നയിച്ച ചിലരെ സംഘടനയിൽനിന്ന് പുറത്താക്കിയതായും ആരോപണമുണ്ട്.
ഖത്തർ കെ.എം.സി.സി സ്പോർട്സ് വിഭാഗം കൺവീനർ റൊട്ടാന റസാഖിനെതിരെയാണ് കേസുമായി ബന്ധപ്പെട്ട് പ്രധാനമായും വിമർശനങ്ങൾ ഉയരുന്നത്. കവർച്ചക്കേസിലെ ഒന്നാം പ്രതിയായ ബോംബെ ഷാജിയുടെ പുറത്തുവന്ന ശബ്ദസന്ദേശത്തിലും റൊട്ടാന റസാഖിന്റെ പേര് പരാമർശിക്കുന്നുണ്ട്. എന്നാൽ, സംഭവത്തെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നുമാണ് റസാഖിന്റെ പ്രതികരണം.
പൊലീസ് അന്വേഷണം തുടരുന്നു
ഖത്തർ കെ.എം.സി.സി ഓഫീസിലെ കവർച്ചയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടരുകയാണ്. 2025 സെപ്റ്റംബർ 18ന് ഖത്തറിൽ നടന്ന കവർച്ചയുടെ ഗൂഢാലോചനയെക്കുറിച്ചാണ് കൊയിലാണ്ടി പൊലീസ് അന്വേഷിക്കുന്നത്.
ബി.ജെ.പി പ്രാദേശിക നേതാവായ പരപ്പിൽ ബാലകൃഷ്ണൻ കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി കുറ്റസമ്മതം നടത്തിയിരുന്നു. വെൽഡിങ് ജോലിക്കെന്ന പേരിലാണ് തന്നെ കൊണ്ടുപോയതെന്നും ഭീഷണിപ്പെടുത്തിയാണ് സ്ട്രോങ് റൂം തുറപ്പിച്ചതെന്നുമായിരുന്നു ബാലകൃഷ്ണന്റെ വെളിപ്പെടുത്തൽ.
ബാലകൃഷ്ണനെ കൂടാതെ ബോംബെ ഷാജി, റാഷി, സാലിഹ്, ഹസ്സൻ, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇതിൽ ബോംബെ ഷാജി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷയിൽ തീരുമാനമുണ്ടായശേഷം തുടർനടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ നീക്കം. അറസ്റ്റിലായ ബാലകൃഷ്ണനെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു.




