കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി പറയാനുള്ള തീയതി നിശ്ചയിക്കുന്നതിനുള്ള കോടതി നടപടി മാറ്റിവച്ചു. ഈ മാസം 28ന് കൊച്ചി സി.ബി.ഐ പ്രത്യേക കോടതി കേസ് വീണ്ടും പരിഗണിക്കും.
പി. ജയരാജന്റെ വാഹനവ്യൂഹത്തിന് കല്ലെറിഞ്ഞെന്നാരോപിച്ച് 2012 ഫെബ്രുവരി 20ന് തളിപ്പറമ്പിലെ ചുള്ളിയോട് വയലിൽ വെച്ച് വിചാരണ ചെയ്തശേഷം എം.എസ്.എഫ് പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ ആകെ 33 പ്രതികളും 82 സാക്ഷികളുമാണുള്ളത്. ഇതിൽ രണ്ട് പ്രതികൾ ഇതിനോടകം മരിച്ചു. പി. ജയരാജൻ 32-ാം പ്രതിയും ടി.വി. രാജേഷ് 33-ാം പ്രതിയുമാണ്. ഇരുവർക്കുമെതിരെ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
തളിപ്പറമ്പിലെ സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ചാണ് കൊലപാതകത്തിനുള്ള ഗൂഢാലോചന നടന്നതെന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. ഫോൺ വിളികളും ടവർ ലൊക്കേഷൻ വിവരങ്ങളും കേസിലെ പ്രധാന തെളിവുകളാണെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. പി. ജയരാജന്റെയും ടി.വി. രാജേഷിന്റെയും വിടുതൽ ഹർജികൾ കോടതി തള്ളിയിരുന്നു.
ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നൽകിയ ഹർജിയിലാണ് കേസിൽ സി.ബി.ഐ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടത്.




