തിരുവനന്തപുരം: ഗവർണർ ഓം പ്രകാശ് മാഥുറിന്റെ ആദ്യ പരിഷ്കാരമായി ലോക്ഭവനിലെ അടുക്കളയിൽ മാംസാഹാരം പാകം ചെയ്യുന്നത് വിലക്കിയെന്ന റിപ്പോർട്ടുകൾ വിവാദമായതോടെ വിശദീകരണവുമായി ലോക്ഭവൻ. വിവാദത്തിന് പിന്നാലെ പോകേണ്ടതില്ലെന്ന് ഗവർണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് വിവരം. ലോക്ഭവനിലെ അടുക്കളയിൽ സസ്യാഹാരം മാത്രമേ പാകം ചെയ്യുകയുള്ളൂവെന്ന് ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീകുമാർ പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നു.
ഗവർണർക്കും കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അതിഥികൾക്കും ഭക്ഷണം തയ്യാറാക്കുന്നതിനുള്ളതാണ് ലോക്ഭവനിലെ അടുക്കള. അവിടെ എന്ത് പാകം ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഗവർണറുടെ താത്പര്യവും ഇഷ്ടവും അനുസരിച്ചാണെന്നും ശ്രീകുമാർ വ്യക്തമാക്കി. ഈ വിഷയത്തെ ജീവനക്കാരുടെ ഭക്ഷണശീലങ്ങളുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിശദീകരിച്ചു.
ലോക്ഭവനിലെ ജീവനക്കാർക്ക് പുറത്തുനിന്ന് മാംസാഹാരം കൊണ്ടുവരുന്നതിനോ വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവന്ന് കഴിക്കുന്നതിനോ വിലക്കില്ലെന്നും വിശദീകരണത്തിൽ പറയുന്നു. അതിനാൽ ജീവനക്കാരുടെ ഭക്ഷണശീലങ്ങൾക്ക് പൊതുവായി നിയന്ത്രണം ഏർപ്പെടുത്തിയെന്ന രീതിയിലുള്ള പ്രചാരണം ശരിയല്ലെന്നാണ് ലോക്ഭവന്റെ നിലപാട്. ഗവർണറുടെ വ്യക്തിപരമായ ഭക്ഷണശീലങ്ങളെയും ജീവനക്കാരുടെ ഭക്ഷണസ്വാതന്ത്ര്യത്തെയും ഒരുമിച്ച് കാണേണ്ടതില്ലെന്നും ശ്രീകുമാർ വ്യക്തമാക്കി.




