തിരുവനന്തപുരം: രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഷനിലായ എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടി. 120 ദിവസത്തേക്കാണ് സസ്പെൻഷൻ നീട്ടിയത്. നേരത്തെ സസ്പെൻഷനിലായി മൂന്ന് മാസം പൂർത്തിയായിരുന്നു.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെയുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് അട്ടിമറി ആരോപണം ഉയർന്നത്. പ്രതിഷേധിച്ച കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചെന്ന കേസിലെ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്.
കേസ് അന്വേഷിച്ച ആദ്യ അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥരെ എ.ഡി.ജി.പിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയെന്നാണ് മുൻ അന്വേഷണസംഘം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. എ.ഡി.ജി.പിയുടെ പൂർണ അറിവോടെ ഗ്രേഡ് എസ്.ഐമാരായ ഗിരീഷും ശ്രീകാന്തും ചേർന്ന് രേഖകളിൽ കൃത്രിമം കാണിക്കുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് ആഭ്യന്തര വകുപ്പ് അജിത് കുമാറിനെ സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തത്. മുഖ്യമന്ത്രി ശുപാർശ അംഗീകരിക്കുകയായിരുന്നു. ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് അജിത് കുമാറിനെതിരെ സർക്കാർ നിർണായക നടപടി സ്വീകരിച്ചത്.




