കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസിൽ പ്രതി സുഹൈലിന്റെ റിമാൻഡ് കാലാവധി അവസാനിക്കാനിരിക്കെ, ജാമ്യാപേക്ഷ സെഷൻസ് കോടതി നാളെ പരിഗണിക്കും. കോടതി നിലപാട് അറിഞ്ഞശേഷം കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അപകടത്തിൽ മരിച്ചവരുടെ വീടുകളിലെത്തി അന്വേഷണ സംഘം മൊഴിയെടുക്കും.
അപകടസമയത്ത് സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നതിന്റെ കൂടുതൽ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അപകടത്തിൽ വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയാത്രികരായ നിനവ്, ജോയൽ, അമീർ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
മദ്യപിച്ചാണ് സുഹൈൽ വാഹനം ഓടിച്ചതെന്ന് രക്തപരിശോധനയിൽ തെളിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കുന്നു. സുഹൈലിനെ വാഹനം ഓടിക്കുന്നതിൽ നിന്ന് സഹയാത്രികർ തടഞ്ഞില്ലെന്നും പൊലീസ് പറയുന്നു.




