ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ ആരാധകരുമായി വീണ്ടും കൂടിക്കാഴ്ച നടത്താനൊരുങ്ങി തമിഴ് നടൻ ധനുഷ്. ചെന്നൈയിൽ ഇന്ന് ആരാധക കൂട്ടായ്മയിലെ വനിതാ വിഭാഗം പ്രവർത്തകരുമായി ധനുഷ് കൂടിക്കാഴ്ച നടത്തും. നേരത്തെ തിരുനെൽവേലിയിൽ ശുചീകരണ തൊഴിലാളികൾക്ക് മധുരവും പടക്കങ്ങളും വിതരണം ചെയ്തിരുന്നു.
അതേസമയം, ധനുഷിന്റെ രാഷ്ട്രീയ പ്രവേശന ചർച്ചകളോട് പ്രതികരിച്ച് തമിഴക വെട്രി കഴകം (ടിവികെ) രംഗത്തെത്തി. ധനുഷ് നടൻ വിജയ്ക്ക് എതിരാളിയല്ലെന്ന് ധനമന്ത്രി മരിയ വിൽസൺ പറഞ്ഞു.
ഡിഎംകെയ്ക്കും അണ്ണാഡിഎംകെയ്ക്കും വിജയ്യെ നേരിടാനാകുന്നില്ലെന്നും തമിഴ് ജനത വിജയ്ക്കൊപ്പമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ധനുഷ് രാഷ്ട്രീയത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ചിലർ കരുതുന്നുണ്ടെന്നും എന്നാൽ അവർ നിരാശരാകുമെന്നും മരിയ വിൽസൺ പറഞ്ഞു.
ധനുഷിനെ അടുത്തറിയാമെന്നും അദ്ദേഹം ഒരു തീരുമാനം എടുത്തിട്ടുണ്ടെന്നും മരിയ വിൽസൺ കൂട്ടിച്ചേർത്തു. ആ തീരുമാനം ശരിയാണോ എന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനുഷിന്റെ ഡൽഹി സന്ദർശനം വാർത്തയായതിന് പിന്നാലെയാണ് ടിവികെ നേതാവിന്റെ പ്രതികരണം. എന്നാൽ, ധനുഷിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.




