മലപ്പുറം: കോഴിക്കോട് വെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നും സുരക്ഷ ശക്തമാക്കണമെന്നും സന്ദേശം അയച്ച സംഭവത്തിൽ മലപ്പുറം പാണ്ടിക്കാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ടൗൺ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
മുഖ്യമന്ത്രി ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്നും കൂടുതൽ പൊലീസിനെ വിന്യസിക്കണമെന്നുമായിരുന്നു കൺട്രോൾ റൂമിലേക്ക് അയച്ച സന്ദേശം. എന്നാൽ, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ചുള്ള വ്യാജ സന്ദേശമാണിതെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റഡിയിലുള്ള യുവാവിന് നോട്ടീസ് നൽകി വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.




