ആലപ്പുഴ: വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനുള്ളിൽ രഹസ്യ അറയുണ്ടാക്കി സൂക്ഷിച്ചിരുന്ന 47 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി മധ്യവയസ്കൻ പിടിയിൽ. പുല്ലുകുളങ്ങര സ്വദേശി വിനീഷ് (47) ആണ് ഹരിപ്പാട് എക്സൈസ് സർക്കിൾ ഓഫീസിന്റെ പിടിയിലായത്.
പ്രദേശത്ത് ഏറെ നാളായി ഇയാൾ നിയമവിരുദ്ധമായി മദ്യവിൽപ്പന നടത്തിവരികയായിരുന്നുവെന്നാണ് എക്സൈസിന്റെ കണ്ടെത്തൽ. നേരത്തെയും പലതവണ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നെങ്കിലും മദ്യം കണ്ടെത്താനായിരുന്നില്ല.
ഇന്ന് ലഭിച്ച കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയിലെ കട്ടിലിനുള്ളിൽ പ്രത്യേകം നിർമിച്ച രഹസ്യ അറയിൽ നിന്ന് മദ്യശേഖരം കണ്ടെത്തിയത്. തുടർന്ന് വിനീഷിനെ അറസ്റ്റ് ചെയ്തു.
ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. മഹേഷിന്റെ നിർദേശപ്രകാരം പ്രിവന്റീവ് ഓഫീസർ ടോണി ടി., സിവിൽ എക്സൈസ് ഓഫീസർമാരായ ഷഫീഖ് എം., സുരേഷ് ആർ., വനിതാ സിവിൽ എക്സൈസ് ഓഫീസർ ആര്യ ദേവി എം.വി. എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.




