കൊച്ചി: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ സിംഗിൾ ബെഞ്ച് വിധി സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, വിജിലൻസിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും നോട്ടീസ് അയച്ചു.
സിംഗിൾ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ പാടില്ലെന്നും ഹൈക്കോടതി നിർദേശിച്ചു. സിംഗിൾ ബെഞ്ച് വിധിയിൽ നിയമപ്രശ്നങ്ങളുണ്ടെന്ന് നിരീക്ഷിച്ച ഡിവിഷൻ ബെഞ്ച്, ഈ വിഷയങ്ങളിൽ പിന്നീട് വിശദമായ വാദം കേൾക്കുമെന്നും വ്യക്തമാക്കി.
പിണറായി വിജയന്റെ അപ്പീൽ ഉൾപ്പെടെയുള്ള ഹർജികളിൽ നാല് മണിക്കൂറിലധികം വാദം കേട്ട ശേഷമാണ് കോടതിയുടെ നടപടി. വിജിലൻസ് അന്വേഷണം നാലാഴ്ചത്തേക്ക് തടഞ്ഞ ഹൈക്കോടതി, ഈ കാലയളവിനുള്ളിൽ വിജിലൻസും ഇ.ഡിയും മറുപടി നൽകണമെന്നും നിർദേശിച്ചു. നാലാഴ്ചയ്ക്കുശേഷം ഡിവിഷൻ ബെഞ്ച് കേസിൽ വിശദമായ വാദം കേൾക്കും.




