കണ്ണൂർ: ആലക്കോട് തുണിക്കടയിൽ നിന്ന് ഷർട്ട് വാങ്ങി പണം നൽകാതെ മുങ്ങിയ യുവാവിന്റെ ബന്ധുക്കൾ ഒടുവിൽ പണം നൽകി. കടയിലെ സിസിടിവി ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് യുവാവിനെ തിരിച്ചറിഞ്ഞത്. ആലക്കോട്ടെ ഓർമ്മ ഫാബ്രിക്സിലാണ് സംഭവം നടന്നത്.
സമ്മാനമായി നൽകാനാണെന്ന് പറഞ്ഞ് രണ്ട് ഷർട്ടുകൾ വാങ്ങാനാണ് യുവാവ് കടയിലെത്തിയത്. ഷർട്ടുകൾ തിരഞ്ഞെടുത്ത ശേഷം പുറത്ത് കാറിൽ ഇരിക്കുന്ന ഭാര്യയെ കാണിച്ച് വരാമെന്ന് കടയുടമയോട് പറഞ്ഞു. ഷർട്ടുകൾ കവറിലാക്കി നൽകണമെന്നും ആവശ്യപ്പെട്ടു.
ഷർട്ടുകൾ കവറിലാക്കി നൽകിയതിനു പിന്നാലെ യുവാവ് കടയിൽനിന്ന് ഇറങ്ങിപ്പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെ കടയുടമ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന് ദൃശ്യങ്ങൾ ആലക്കോട്ടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കുവെച്ചു. വീഡിയോ കണ്ട ഒരാൾ യുവാവിനെ തിരിച്ചറിഞ്ഞതോടെ കടയുടമ ഇയാളുടെ വീട്ടിലെത്തി. തുടർന്ന് യുവാവിന്റെ അമ്മ പണം നൽകാമെന്ന് സമ്മതിക്കുകയായിരുന്നു.




