കൊച്ചി: പിഎസ്സി പരീക്ഷാക്രമക്കേടിലെ സത്യം എത്ര ശ്രമിച്ചാലും മൂടിവെക്കാനാകില്ലെന്നും എന്നായാലും പുറത്തുവരുമെന്നും ഹൈക്കോടതി. പിഎസ്സിയുടെ ഹർജി പരിഗണിക്കവേ ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്തൊക്കെ തന്ത്രങ്ങൾ പ്രയോഗിച്ചാലും സത്യം തെളിയുമെന്നും കോടതി നിരീക്ഷിച്ചു.
പരീക്ഷാക്രമക്കേടിൽ കുറ്റക്കാർക്കെതിരെ പിഎസ്സി തന്നെ നടപടി ആരംഭിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എഫ്ഐആർ റദ്ദാക്കണമെന്ന പിഎസ്സിയുടെ ആവശ്യം നിയമപരമായി നിലനിൽക്കില്ലെന്ന് ഡിജിപി ടി. ആസഫലിയും വ്യക്തമാക്കി. എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടുത്ത തിങ്കളാഴ്ച വിശദമായ വാദം കേൾക്കും.
ഹർജി നേരത്തേ പരിഗണിച്ചപ്പോഴും പിഎസ്സിക്കെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. അന്വേഷണവുമായി പിഎസ്സി സഹകരിക്കുന്നില്ലെന്നായിരുന്നു സർക്കാരിന്റെ പരാതി. എന്തുകൊണ്ടാണ് അന്വേഷണത്തോട് സഹകരിക്കാത്തതെന്ന് കോടതി ചോദിക്കുകയും അന്വേഷണവുമായി സഹകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും എഫ്ഐആർ റദ്ദാക്കണമെന്നുമാണ് പിഎസ്സിയുടെ നിലപാട്.
ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് രണ്ട് പേർക്കെതിരെ നടപടി സ്വീകരിച്ചുകഴിഞ്ഞെന്നും പിഎസ്സിയുടെ ഹർജി നിലനിൽക്കില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഉദ്യോഗസ്ഥർ തന്നെ തെറ്റ് സമ്മതിച്ച സാഹചര്യത്തിൽ ഹർജിക്ക് പ്രസക്തിയില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
തുടർന്നാണ് സിനിമാക്കഥകൾ പരാമർശിച്ച് സത്യം എത്രകാലം മൂടിവെച്ചാലും പുറത്തുവരുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ നിരീക്ഷിച്ചത്. ഇരുകൂട്ടരും എന്ത് തന്ത്രങ്ങൾ പ്രയോഗിച്ചാലും കാര്യങ്ങൾ മനസ്സിലാകുന്നുണ്ടെന്നും കോടതി കഥകളിലൂടെ സൂചിപ്പിച്ചു.




