കോഴിക്കോട്: ഓമശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി വീട്ടിൽ പരിശോധന നടത്തുന്നതിനിടെ കൈവിലങ്ങോടെ രക്ഷപ്പെട്ടു. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് എക്സൈസ് സംഘത്തിന്റെ കസ്റ്റഡിയിൽനിന്ന് കടന്നുകളഞ്ഞത്. ഇന്നലെ രാത്രി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫായിസിനെ എക്സൈസ് സംഘം പിടികൂടിയത്. ഇയാളുടെ കൈയിൽനിന്നും വാഹനത്തിൽനിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു.
വീട്ടിൽ ലഹരിവസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് പ്രതിയുമായി എക്സൈസ് സംഘം വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് കൈവിലങ്ങോടെ ഇയാൾ രക്ഷപ്പെട്ടത്. പ്രതിക്കായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. നാട്ടുകാരുടെ സഹായത്തോടെ എക്സൈസ് സംഘം പരിശോധന നടത്തുന്നുണ്ട്.




