ഓസ്ട്രേലിയ: സ്വർണം തേടി മണ്ണ് കുഴിച്ച യുവാവിന് ലഭിച്ചത് വൻ നിധി. മണ്ണിനടിയിൽനിന്ന് കണ്ടെത്തിയത് ഏകദേശം 1.2 കിലോഗ്രാം ഭാരമുള്ള സ്വർണക്കട്ടി. കുറഞ്ഞത് 1.5 ലക്ഷം ഓസ്ട്രേലിയൻ ഡോളർ (ഏകദേശം 1.3 കോടി രൂപ) വിലമതിക്കുന്ന സ്വർണക്കട്ടിയാണിതെന്നാണ് റിപ്പോർട്ട്. എബിസി ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിന്റെ വടക്കുപടിഞ്ഞാറൻ മേഖലയിലുള്ള ടിബൂബുറ പട്ടണത്തിന് സമീപം മൗണ്ട് സ്റ്റുവർട്ട് സ്റ്റേഷനിലാണ് അപൂർവ കണ്ടെത്തൽ. പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത യുവാവ് ദിവസങ്ങളായി ഇവിടെ സ്വർണം തേടി പരിശോധന നടത്തുകയായിരുന്നു.
തുടർച്ചയായി മണ്ണ് കുഴിച്ചിട്ടും കാര്യമായൊന്നും ലഭിച്ചിരുന്നില്ല. പഴയ ആണികളും കുതിരലാടങ്ങളും പോലുള്ള വില കുറഞ്ഞ വസ്തുക്കളായിരുന്നു ഇതുവരെ ലഭിച്ചത്. എന്നാൽ, മെറ്റൽ ഡിറ്റക്ടറിൽ ലഭിച്ച ഒരു സിഗ്നൽ യുവാവിന്റെ ഭാഗ്യം മാറ്റിമറിച്ചു.
സിഗ്നൽ ലഭിച്ച സ്ഥലത്ത് കുഴിച്ചപ്പോൾ മണ്ണിനടിയിൽ ചെറിയൊരു മഞ്ഞത്തിളക്കം ശ്രദ്ധയിൽപ്പെട്ടു. കൂടുതൽ മണ്ണ് നീക്കിയതോടെ ഉരുളക്കിഴങ്ങിന്റെ വലുപ്പമുള്ള സ്വർണക്കട്ടി പുറത്തുവന്നു.ഏകദേശം 1.2 കിലോഗ്രാം ഭാരമുള്ള സ്വർണക്കട്ടിയിൽ 940 ഗ്രാമോളം ശുദ്ധസ്വർണമുണ്ടെന്നാണ് കണക്കാക്കുന്നത്. അപൂർവമായ ഈ സ്വർണക്കട്ടിക്ക് ‘ടിബൂബുറ സ്പഡ്’ എന്നാണ് പേര് നൽകിയിരിക്കുന്നത്.
സ്വർണക്കട്ടിക്ക് ഭാരത്തിന്റെ അടിസ്ഥാനത്തിൽ 1.5 ലക്ഷം മുതൽ 1.6 ലക്ഷം ഓസ്ട്രേലിയൻ ഡോളർ വരെ വില ലഭിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അപൂർവ സ്വർണശേഖരങ്ങൾ സ്വന്തമാക്കുന്ന സ്വകാര്യ ശേഖരണക്കാർക്ക് വിൽക്കുകയാണെങ്കിൽ രണ്ട് ലക്ഷം ഡോളർ വരെ ലഭിക്കാനും സാധ്യതയുണ്ട്.




