തിരുവനന്തപുരം: തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 52 ഗ്രാം എംഡിഎംഎയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് ഷമീം (38) ആണ് പിടിയിലായത്. വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാനായി ബസിൽ ചെങ്കവിള ഭാഗത്ത് ഇറങ്ങിയ ശേഷം ബൈക്കിൽ എത്താമെന്ന് പറഞ്ഞ സുഹൃത്തിനെ കാത്തുനിൽക്കുമ്പോഴാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്.
വള്ളക്കടവ് സ്വദേശിക്ക് കൈമാറാനായാണ് എംഡിഎംഎ എത്തിച്ചതെന്ന് എക്സൈസ് അറിയിച്ചു. വൻതോതിൽ ലഹരിമരുന്ന് കടത്തുന്നതിന്റെ ഭാഗമായാണ് ഇത് എത്തിച്ചതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി. കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയും അറസ്റ്റും. എക്സൈസ് ഉദ്യോഗസ്ഥരും നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.



