വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ നാശം വിതച്ച അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി മാറി. അടുത്ത 48 മണിക്കൂറിനുള്ളിൽ കാറ്റ് കൂടുതൽ ദുർബലമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
ആന്ധ്രാ തീരത്ത് കാറ്റിന്റെ വേഗം മണിക്കൂറിൽ ഏഴ് കിലോമീറ്ററായി കുറഞ്ഞു. കൊണസീമ, ഈസ്റ്റ് ഗോദാവരി, എൻടിആർ, ഗുണ്ടൂർ, ശ്രീകാകുളം ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. വിശാഖപട്ടണത്താണ് ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 മണിക്കൂറിനിടെ ഇവിടെ 21 സെന്റീമീറ്റർ മഴ പെയ്തു.
ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കേന്ദ്രസഹായം തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ച മുഖ്യമന്ത്രി സംസ്ഥാനത്തെ സ്ഥിതിഗതികൾ വിശദീകരിച്ചു.
70,000 ഹെക്ടറിലധികം കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായെന്നും 10,500 ഹെക്ടറിലെ തോട്ടവിളകൾക്ക് നാശനഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു. വീടുകൾ, റോഡുകൾ, വൈദ്യുതി പോസ്റ്റുകൾ എന്നിവയ്ക്കും വ്യാപകമായി നാശനഷ്ടമുണ്ടായി.
നാശനഷ്ടങ്ങൾ വിലയിരുത്താൻ കേന്ദ്രസംഘത്തെ ഉടൻ അയക്കണമെന്നും രക്ഷാപ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും അടിയന്തര സഹായം അഭ്യർഥിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി കൊണസീമ, വെസ്റ്റ് ഗോദാവരി ജില്ലകൾ സന്ദർശിക്കുമെന്നും അറിയിച്ചു.




