കൊച്ചി: സംസ്ഥാനത്ത് റോഡ് അപകടങ്ങളും മരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ ഇടപെട്ട് ഹൈക്കോടതി. അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് കോടതി ആവശ്യപ്പെട്ടു. നവംബർ മൂന്നിന് കേസ് പരിഗണിക്കുമ്പോൾ നിർദേശങ്ങൾ അറിയിക്കണമെന്നും നിർദേശിച്ചു. സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ നടപടി.
വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചീഫ് സെക്രട്ടറിയെ നോഡൽ ഓഫീസറായി നിശ്ചയിച്ചു. കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിൽ ഏകീകൃത നിരീക്ഷണ പ്ലാറ്റ്ഫോം വികസിപ്പിക്കണമെന്നും 45 ദിവസത്തിനകം ഇത് സജ്ജമാക്കണമെന്നും കോടതി നിർദേശിച്ചു.
അപകടസാധ്യതയേറിയ സ്ഥലങ്ങൾ കണ്ടെത്തി പരിഹരിക്കുക, അമിതവേഗവും അപകടകരമായ ഡ്രൈവിങ്ങും നിയന്ത്രിക്കുക, റോഡുകളുടെ തകരാറുകൾ പരിഹരിക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾ ഏകോപിതമായി പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചു.



