തിരുവനന്തപുരം: നിപ, കോവിഡ് രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയെന്ന സംശയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. 2023, 2024, 2025 വർഷങ്ങളിൽ നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവർ മരുന്ന് വിതരണം ചെയ്തിട്ടുണ്ടോയെന്നാണ് ആരോഗ്യവകുപ്പ് പരിശോധിക്കുന്നത്. നിയമസഭയിൽ മാത്യു കുഴൽനാടൻ എം.എൽ.എയുടെ സബ്മിഷന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
മരുന്ന് നൽകിയ മുഴുവൻ രോഗികളുടെയും വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഈ മൂന്ന് വർഷത്തിനിടെ ആറ് നിപ മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതാണോ മരണങ്ങൾക്ക് കാരണമെന്ന് പരിശോധിക്കും. ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സാംക്രമിക രോഗവിഭാഗം മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിനാണ് അന്വേഷണച്ചുമതല.




