ഇടുക്കി: ഇടുക്കി കുഴിത്തൊളുവിൽ ഭാര്യയെ ആക്രമിച്ച ശേഷം ഭർത്താവ് സ്വയം വെടിവെച്ച് മരിച്ചു. പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ ഭാര്യ ശ്രീജയ്ക്കാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് സന്തോഷാണ് മരിച്ചത്.
പോസ്റ്റ് ഓഫീസിലെത്തിയ സന്തോഷ് കമ്പിവടി ഉപയോഗിച്ച് ശ്രീജയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. തുടർന്ന് കൈവശമുണ്ടായിരുന്ന റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീജയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




