തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുകളിൽ നിലവിലുള്ള പബ്ലിക് റിലേഷൻസ് ഓഫീസർ (പിആർഒ) സംവിധാനം ഒഴിവാക്കി പകരം സിറ്റിസൺ ഹെൽപ്പ് ഡെസ്ക് കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രംഗത്ത്. പുതിയ സംവിധാനം സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും ജനസൗഹൃദ പൊലീസിങ് എന്ന ആശയത്തിന് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു.
പരാതികളുമായും മറ്റ് പ്രശ്നങ്ങളുമായും പൊലീസ് സ്റ്റേഷനിലെത്തുന്നവർക്ക് കാര്യങ്ങൾ തുറന്നുപറയാനും സഹായം ലഭിക്കാനും കഴിയുന്ന ഉദ്യോഗസ്ഥനെയാണ് ആവശ്യം. എന്നാൽ പിആർഒ സംവിധാനത്തിന് പകരം വരുന്ന ഹെൽപ്പ് ഡെസ്ക് വെറുമൊരു ഔദ്യോഗിക കൗണ്ടറായി മാറാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സൈബർ പരാതികൾ, വിവരാവകാശ അപേക്ഷകൾ, എഫ്ഐആർ പകർപ്പുകൾ, വിവിധ അപേക്ഷകൾ തുടങ്ങി പന്ത്രണ്ടോളം സേവനങ്ങളാണ് ഒരൊറ്റ ഹെൽപ്പ് ഡെസ്കിലേക്ക് മാറ്റുന്നത്. ഇതോടെ കമ്പ്യൂട്ടർ ജോലികളും മറ്റ് ഔദ്യോഗിക നടപടികളും കാരണം സാധാരണക്കാരുടെ പരാതികൾ ക്ഷമയോടെ കേൾക്കാൻ ജീവനക്കാർക്ക് കഴിയാതെ വരുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
പൊലീസ് സ്റ്റേഷനുകളെ ജനങ്ങൾക്ക് ഭയമില്ലാതെ സമീപിക്കാവുന്ന ഇടങ്ങളാക്കി നിലനിർത്തണം. ജനങ്ങളോട് നേരിട്ട് സംസാരിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും കഴിയുന്ന സംവിധാനം ഇല്ലാതാക്കുന്നത് പൊലീസിനോടുള്ള മാനസിക അകൽച്ച വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് സംവിധാനത്തിന്റെ മാനുഷിക മുഖം നഷ്ടപ്പെടരുതെന്നും പിആർഒ സംവിധാനം ഒഴിവാക്കി ഹെൽപ്പ് ഡെസ്ക് കൊണ്ടുവരാനുള്ള തീരുമാനത്തിലെ പ്രായോഗിക പ്രശ്നങ്ങൾ സർക്കാർ ഗൗരവമായി പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.



