ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരായ മഹാരാജാസ് കോളേജിലെ SFI പ്രതിഷേധത്തില്‍ രാഷ്ട്രീയപ്പോര് കനക്കുന്നു. SFI പ്രവർത്തകരെ പിന്തുണച്ച് ഇടത് നേതാക്കളും, രൂക്ഷ വിമര്‍ശനവുമായി യുഡിഎഫ് നേതാക്കളും രംഗത്തെത്തി. പിന്നാലെ വിഷയം സൈബർ ലോകത്തേക്കും പടരുകയും ഇരുവിഭാഗങ്ങളേയും പിന്തുണച്ച് സൈബർ പോരാളികൾ കളിംനിറയുകയും ചെയ്യുന്ന കാഴ്ച്ചയാണ് കാണാനാവുന്നത്. പ്രതിഷേധത്തെ വലിയൊരു വിഭാഗം പിന്തുണയ്ക്കുമ്പോൾ ബിരുദധാന ചടങ്ങ് നഷ്ടപ്പെട്ട മറ്റ് വിദ്യാർത്ഥികളെ കുറിച്ചോർത്ത് വിലപിക്കുന്നവരേയും കാണാം. മഹാരാജാസ് കോളേജിലെ കോണ്വൊക്കേഷന് ചടങ്ങിനിടെയുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തെത്തുടർന്ന് മന്ത്രി റോജി എം ജോൺ ഇറങ്ങിപോവുകയായിരുന്നു.
പ്രതിഷേധം ജനാധിപത്യ രീതിയിലായിരുന്നെന്നും സമരം അതിരുകടന്നിട്ടില്ലെന്നുമാണ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പ്രതികരിച്ചത്. എസ്എഫ്ഐ വിരുദ്ധത കാരണം നുണ ആയുധമാക്കിയ അൽപ്പനാണ് റോജി എം ജോണെന്നും സഞ്ജീവ് ആരോപിച്ചു. ‘കാലടി സർവ്വകലാശാലയിൽ സമരം ചെയ്ത എസ്എഫ്ഐയുമായി ഒരു തവണ പോലും ചർച്ച നടത്താൻ വിസി സിസ തോമസ് തയ്യാറായില്ല, സിസാ തോമസിന് ശവമഞ്ചം ഒരുക്കിയെന്നും ആക്രമിച്ചെന്നും നുണ പ്രചരിപ്പിച്ചു, രണ്ട് നുണകളും ഏറ്റു പിടിച്ചയാളാണ് റോജി എം ജോൺ’, സഞ്ജീവ് കൂട്ടിചേർത്തു. വിസിയ്ക്ക് എതിരായ സമരത്തിൽ, പ്രവർത്തിക്കാത്ത ലൈറ്റുകൾക്കാണ് ശവമഞ്ചം ഒരുക്കിയിരുതെന്നും 25 ദിവസമായി സമരത്തെ തിരിഞ്ഞു നോക്കാത്തയാളാണ് മന്ത്രിയെന്നും സഞ്ജീവ് കുറ്റപ്പെടുത്തുന്നുണ്ട്. വിസിയുടെ പരാതിയെ തുടർന്ന് 16 വിദ്യാർഥികൾ 60 ദിവസമായി സസ്പെൻഷനിലാണ്. FIR പോലുമില്ലാത്ത ആരോപണത്തെ തുടർന്നാണ് സസ്പെൻഷൻ എന്ന് SFI ആരോപിക്കുന്നുണ്ട്.
പ്രതിഷേധിച്ചവർക്ക് സിപിഎമ്മിന്റെ പിന്തുണയുമുണ്ട്. ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് വിദ്യാർഥികൾ ചെയ്തതതെന്നും, ഒരു സംഘർഷവും ഉണ്ടായിട്ടില്ലന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചു. വിദ്യാർത്ഥികൾക്കെതിരെ കേസെടുക്കാൻ സർക്കാർ വലിയ ജാഗ്രതയാണ് കാണിക്കുന്നതെന്നും, പ്രതിഷേധിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തുന്നു.
പ്രതിഷേധങ്ങൾക്ക് മുന്നിൽ നിന്ന യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയയെ അടക്കം അവഹേളിക്കുന്ന തരത്തിലും വലതുപക്ഷ ഹാൻഡിലുകളിൽ നിന്ന് പോസ്റ്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. എങ്കിലും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ് മിസ്രിയ. സംഘപരിവാറിന് കുടപിടിക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് അവർ ആവർത്തിക്കുകയാണ്. അടിസ്ഥാന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള വിദ്യാര്‍ത്ഥി സമരങ്ങളെ അപരിഷ്കൃതമായി കാണുന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ സമീപനം ശരിയല്ല. അങ്ങനെയെങ്കില്‍ ജന്തര്‍ മന്തറില്‍ അടക്കം വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം അപരിഷ്കൃതമാകുമോ എന്നാണ് ചോദിക്കാനുള്ളത്. പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പ് പറയണം എന്ന ഉറച്ച നിലപാടിൽ തന്നെയാണ് അവർ.
വിഷയത്തെ മറ്റൊരു രീതിയിലാണ് വലതുപക്ഷ സംഘടനകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും അവതരിപ്പിക്കുന്നത്. വിദ്യാർഥികളും രക്ഷിതാക്കളും സന്തോഷപൂർവം പങ്കെടുത്ത ബിരുദദാനച്ചടങ്ങിൽ മന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെ, യാതൊരു ഔചിത്യബോധവുമില്ലാതെ ഇടപെട്ട് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് എസ്.എഫ്.ഐ പ്രവർത്തകയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് എംകെ മുനീർ അടക്കമുള്ളവർ ആരോപിക്കുന്നു. തന്റെ പ്രസംഗത്തിനുശേഷം ചോദ്യം കേൾക്കാമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടും, ചടങ്ങിന്റെ അന്തസ്സും സദസ്സിന്റെ വികാരവും പരിഗണിക്കാതെ ബഹളം തുടരാനാണ് അവർ മുതിർന്നത്. ഒടുവിൽ, ഈ അനൗചിത്യത്തിനെതിരെ രക്ഷിതാക്കൾക്കുപോലും പരസ്യമായി പ്രതികരിക്കേണ്ടിവന്നുവെന്നാണ് പ്രതിഷേധക്കാർക്ക് നേരെ ഉയർന്ന പ്രധാന ആരോപണം.
സംഭവത്തോട് പ്രതികരിച്ച ഷാഫി പറമ്പിൽ, വിദ്യാർത്ഥികളെ സിപിഎം പിന്തുണയ്ക്കുകയല്ല, തിരുത്തുകയാണ് വേണ്ടതെന്നാണ് പറഞ്ഞത്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ്, റോജി എം ജോണിനെതിരെ എന്തിനാണ് പ്രതിഷേധം എന്ന് മനസ്സിലായില്ലെന്നാണ് പറഞ്ഞത്. കോൺവൊക്കേഷൻ പരിപാടിയിൽ പ്രതിഷേധം എന്ന പേരിലെ ആഭാസം നടന്നത് ശുദ്ധ തെമ്മാടിത്തരവും തോന്നിവാസവുമാണ്. ഇത് വിദ്യാർഥി സംഘടനക്ക് ചേർന്നതല്ലെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. പ്രതിഷേധിച്ചവർക്കെതിരെ അച്ചടക്കനടപടി ആവശ്യപ്പെട്ട് കെഎസ്യു പ്രിൻസിപ്പലിന് കത്ത് നൽകിയിട്ടുണ്ട്.
ഒക്ടോബർ 30ന് നടന്ന ബിരുദ ദാന ചടങ്ങിനിടെയായിരുന്നു മഹാരാജാസ് കോളേജില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് സദസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെ യൂണിയന് വൈസ് ചെയര്‍പേഴ്സണ്‍ നഫീസത്തുല്‍ മിസ്രിയ വേദിയിലേക്ക് എത്തുകയും മന്ത്രിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയുമായിരുന്നു.
ഇനി, എന്താണ് കാലടി സർവകലാശാലയിൽ നടന്ന പ്രശ്നം? എന്തുകൊണ്ട് SFIക്ക് ഇങ്ങനെ പ്രതിഷേധിക്കേണ്ടി വന്നു? അതിലേക്ക് വരാം. ഒരുപക്ഷേ മഹാരാജാസിലെ സംഭവത്തോടെയാണ് കാലടി സർവകലാശാലയിലെ വിദ്യാർഥിവേട്ടയുടെ യഥാർഥ ചിത്രം പുറത്തുവന്നത് എന്നും പറയാം. കാലടി വിസി സിസ തോമസിന്റെ ഏകാധിപത്യത്തിനെതിരെ സമരം ചെയ്ത 16 വിദ്യാർഥികളെയാണ് യാതൊരു അടിസ്ഥാനവുമില്ലാതെ ക്യാമ്പസിൽ നിന്ന് പുറത്താക്കിയിരിക്കുന്നത്. കാലടി സർവകലാശാലയിൽ നാടകം അവതരിപ്പിച്ചതിന്റെ പേരിൽ ഇവർ കഴിഞ്ഞ 60 ദിവസമായി സസ്പെൻഷനിലാണ്.
കാലടിയിലെ വിദ്യാർഥി വേട്ടയെ ചോദ്യം ചെയ്താണ് മഹാരാജാസ് കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സന്റെ നേതൃത്വത്തിൽ മന്ത്രിക്കെതിരെ വിദ്യാർഥികൾ പ്രതിഷേധിച്ചത്. കഴിഞ്ഞ ജൂലൈ 22നാണ് കാലടിയിൽ SFIയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ സമരം ആരംഭിച്ചത്. പിന്നീട് ഓഗസ്റ്റ് 13ന് നടന്ന ഒരു പ്രതിഷേധ പരിപാടിയുടെ പേരിലാണ് വിദ്യാർഥികൾക്കെതിരെ വി സി ഡോ. സിസാ തോമസ് പ്രതികാര നടപടികൾ ആരംഭിച്ചത്. ഓഗസ്റ്റ് 16ന് വിസി പൊലീസിന് പരാതി നൽകി. ദേഹോപദ്രവം ചെയ്തു, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങി വ്യാജ ആരോപണങ്ങളാണ് വിദ്യാർഥികൾക്കെതിരെ വി സി ഉന്നയിച്ചത്. എന്നാൽ, വി സിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയില്ല. ഇതിൽ നിന്നു തന്നെ ഈ ആരോപണം വ്യാജമാണെന്ന് വ്യക്തമാണെന്ന് SFI ആരോപിക്കുന്നു.
വി സിയുടെ ഈ വ്യാജ പരാതിയുടെ മറവിലാണ് സെപ്റ്റംബർ ഒന്നിന് പ്രതിഷേധ ശബ്ദമുയർത്തിയ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. അന്വേഷണ റിപ്പോർട്ട് വരുന്നതുവരെ സസ്പെൻഡ് ചെയ്താണ് വി സി പ്രതികാര ഉത്തരവിറക്കിയത്. ഇവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
നവംബറിൽ നടക്കാനിരിക്കുന്ന പരീക്ഷയ്ക്ക് ഉയർന്ന തുകയോടെ ഫീസ് അടയ്ക്കേണ്ട അവസാന തിയതി ഒക്ടോബർ 23 ആയിരുന്നു. ഫീസ് അടയ്ക്കാൻ അനുവദിക്കാതെ വന്നപ്പോഴാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. സസ്പെൻഷൻ എത്ര ദിവസത്തേക്കാണെന്ന് രേഖാമൂലം അറിയിക്കാതെ വിദ്യാർഥികൾക്കെതിരെ പ്രതികാരം തുടരുകയാണ് അധികൃതരെന്ന് ഇവർ ആരോപിക്കുന്നു. സർവകലാശാലയുടെ കാവി വൽക്കരത്തിൽ മൗനം പാലിച്ച മന്ത്രി, വിദ്യാർഥികൾക്കെതിരായ ക്രൂരമായ നടപടിയിൽ ഇടപെടാൻ പോലും തയ്യാറായില്ല.
കാലടിയിലെ വിദ്യാർത്ഥികളെ സെമസ്റ്റർ പരീക്ഷ എഴുതാൻ പോലും അനുവദിക്കാത്ത നടപടിക്കെതിരെ പ്രതികരിക്കാത്ത മന്ത്രിയുടെ നിലപാടിനെതിരെയാണ് എസ്എഫ്ഐ നേതൃത്വത്തിൽ മഹാരാജാസിൽ പ്രതികരിച്ചത്. വിദ്യാര്‍ഥികളെ മന്ത്രി റോജി അപരിഷ്കൃതരെന്ന് വിളിച്ചാക്ഷേപിച്ചതും അത് തിരുത്താത്തതും SFIയെ പ്രകോപിപ്പിച്ചു. കാലടിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞ് മന്ത്രി ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചത്. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചോദ്യം ആവര്‍ത്തിച്ചതോടെ മന്ത്രി വിദ്യാര്‍ഥികളോട് തട്ടിക്കയറുകയുമായിരുന്നു. കാലിക്കറ്റ് സർവകലാശാലയിൽ SFI നേതാക്കളെ UDSF ഗുണ്ടകൾ മൃഗീയമായി ആക്രമിച്ചതുമായി ബന്ധപ്പെട്ട വിവാദം ഒടുങ്ങുന്നതിന് മുമ്പേയാണ് കാലടി-മഹാരാജാസ് വിഷയം ചർച്ചയാകുന്നത്.




