ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിയെ സന്ദർശിച്ച് സിജെപി നേതാവ് അഭിജീത് ദീപ്‌കെ. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിൽ നാളെ രാംലീല മൈതാനിയിൽ മഹാറാലി നടക്കാനിരിക്കെയാണ് ഡൽഹിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യൻ യുവതയുടെ സമരങ്ങൾക്ക് തുടക്കം മുതൽ പിന്തുണ നൽകിയതിന് മമത ബാനർജിയോട് അഭിജീത് ദീപ്‌കെ നന്ദി അറിയിച്ചു.
ഇന്ത്യാ സഖ്യത്തിന്റെ റാലിക്ക് പൂർണ പിന്തുണയുണ്ടെന്നും എന്നാൽ റാലിയിൽ സിജെപി പങ്കെടുക്കില്ലെന്നും അഭിജീത് വ്യക്തമാക്കി. സ്വതന്ത്രവും നിഷ്പക്ഷവുമായ സംഘടനയായി നിലനിൽക്കാനാണ് സിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിജെപി നടത്തിയ ആദ്യ പ്രതിഷേധം മുതൽ മമത ബാനർജി പിന്തുണ നൽകിയിരുന്നുവെന്ന് അഭിജീത് ദീപ്‌കെ പറഞ്ഞു. പിന്നീട് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തപ്പോഴും മമത ഒപ്പം നിന്നു. ഇതിലുള്ള നന്ദി അറിയിക്കാനാണ് സന്ദർശനമെന്നും അദ്ദേഹം വ്യക്തമാക്കി.
അഭിജീത് ദീപ്‌കെയെയും സിജെപിയുടെ മറ്റ് നേതാക്കളെയും കണ്ടതിൽ സന്തോഷമുണ്ടെന്ന് മമത ബാനർജി പ്രതികരിച്ചു. വിവിധ വെല്ലുവിളികൾക്കിടയിലും അവർ നടത്തുന്ന പോരാട്ടങ്ങളെയും പരിശ്രമങ്ങളെയും അംഗീകരിക്കുന്നതായും മമത പറഞ്ഞു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കണ്ടു. ഇന്ത്യാ സഖ്യത്തിന്റെ റാലിയിൽ പങ്കെടുക്കുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, റാലിക്ക് പിന്തുണ നൽകുമെങ്കിലും പങ്കെടുക്കില്ലെന്നായിരുന്നു അഭിജീത് ദീപ്‌കെയുടെ മറുപടി. വോട്ട് കൊള്ളയ്ക്കെതിരെ പ്രതിഷേധിക്കുന്ന ഏതൊരു സംഘടനയ്ക്കും സിജെപിയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




