കോട്ടയം: ദേശീയപാത 183-ൽ (കെ.കെ. റോഡ്) മുണ്ടക്കയം ചോറ്റിയിൽ ഏഴ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. യാത്രക്കാർക്കും വഴിയാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 8.15-ഓടെ ചോറ്റി ജങ്ഷനിലായിരുന്നു അപകടം.
അഞ്ച് കാറുകളും ഒരു ഓട്ടോറിക്ഷയും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ എട്ടുപേരെ ഇരുപത്താറാം മൈലിലെ മേരീ ക്യൂൻസ് മിഷൻ ആശുപത്രിയിലും മൂന്നുപേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ മൂന്ന് പേരുടെ പരിക്ക് ഗുരുതരമാണ്. കൂട്ടിക്കൽ, മടുക്ക, ചോറ്റി സ്വദേശികൾക്കാണ് പരിക്കേറ്റത്.
അമിതവേഗത്തിലെത്തിയ കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർദിശയിൽ വന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. തുടർന്നാണ് മറ്റ് വാഹനങ്ങളും കൂട്ടിയിടിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗത തടസ്സവും അനുഭവപ്പെട്ടു.



