തിരുവനന്തപുരം: തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ നാളെ മുതൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്താൻ സാധ്യത. ഇന്ന് മുതൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭിക്കില്ല. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ഇന്ന് അവധി ദിവസമായതിനാൽ വൈദ്യുതി ഉപയോഗം കുറവായിരിക്കുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. അതിനാൽ ഇന്നത്തെ ദിവസം വലിയ പ്രതിസന്ധിയില്ലാതെ കടന്നുപോകാമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ മാസം പീക്ക് സമയങ്ങളിൽ 850 മെഗാവാട്ട് വരെ അധിക വൈദ്യുതി ലഭിച്ചിരുന്നു. ഇത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വലിയ സഹായമായിരുന്നു.
അതേസമയം, ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ വൈദ്യുതി ഉപയോഗം കുറയുകയും ഉൽപാദനം വർധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ഈ മാസം 15 വരെയെങ്കിലും തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കാമെന്നാണ് കെഎസ്ഇബിയുടെയും സർക്കാരിന്റെയും കണക്കുകൂട്ടൽ. വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം.



