ചെമ്മീൻ കൊണ്ടുള്ള വിഭവങ്ങൾക്ക് വേറെ തന്നെ അടിപൊളിയാണ്. കറിയുണ്ട് ഫ്രൈയുണ്ട് അങ്ങനെ ഒരുപാട്. എന്നാൽ ഇത്തവണ ചെമ്മീൻ കൊണ്ട് ചെമ്മീൻ കരിക്ക് വരട്ടിയത് ഉണ്ടാക്കി നോക്കാം.
ചേരുവകൾ
ചെമ്മീൻ – 1/2 kg
കരിക്ക് (കുറച്ചു മൂപ്പെത്തിയത്) – 1
സവാള – 3 എണ്ണം
ഇഞ്ചി -1/2 ഇഞ്ച് . (പൊടിയായി അരിഞ്ഞത്)
പച്ചമുളക്- 4 എണ്ണം
കറിവേപ്പില – രണ്ട് തണ്ട്
മുളക് പൊടി – 2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
മസാല പൊടി -1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെളിച്ചെണ്ണ – ആവശ്യത്തിന്
വെള്ളം – 1/2 കപ്പ്
തയ്യാറാക്കുന്ന വിധം
ചെമ്മീൻ തോടുകളഞ്ഞ് മുകളിലെ ഞരമ്പ് വലിച്ചു കളത്ത് കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു കരിക്ക് കൊത്തിയെടുത്ത് അരിഞ്ഞ് വയ്ക്കുക. ഒരു പാത്രത്തിൽ ചെമ്മീൻ, കരിക്ക് എന്നിവയിട്ട് വെള്ളമൊഴിക്കുക. ഇതിലേക്ക് ഉപ്പ് , പച്ചമുളക്, കറിവേപ്പില, ഇഞ്ചി അരിഞ്ഞതിന്റെ പകുതി ചേർത്ത് നന്നായി വേവിക്കുക. പകുതി വേവ് ആകുമ്പോൾ സവാള അരിഞ്ഞത് പകുതി ഇട്ടുകൊടുക്കുക. ഇത് നന്നായി ഇളക്കി വേവാൻ വയ്ക്കുക. വെള്ളം വറ്റിയ ശേഷം ഇറക്കിവയ്ക്കുക.
ഇനി സ്റ്റൗവിൽ മറ്റൊരു പാൻ വച്ച് മീഡിയം ഫ്ലെയിമിൽ ചൂടാക്കുക. ഇതിലേക്ക് ഓയിൽ ഒഴിച്ചു കൊടുക്കുക . ഓയിൽ ചൂടായതിനു ശേഷം ബാക്കിയുള്ള ഇഞ്ചി, സവാള, പച്ചമുളക് , കറിവേപ്പില എന്നിവ ഇട്ടുകൊടുക്കുക.
എല്ലാ കൂട്ടുകളും നന്നായി മൂത്ത് വരുമ്പോൾ അതിലേയ്ക്ക് മുളകുപൊടി, മഞ്ഞൾ പൊടി, മസാല പൊടി എന്നിവ ചേർത്ത് ഇളക്കുക. മൂത്ത് മൊരിഞ്ഞ് നല്ല മണം വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന ചെമ്മീൻ – കരിക്കു കൂട്ട് മസാലയിലേക്ക് ഇട്ടു കൊടുക്കുക. ചെമ്മീൻ കരിക്ക് വരട്ടിയത് റെഡി.




