കൊച്ചി: പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബൈക്കിടിച്ച് മരിച്ച വയോധികയുടെ കുടുംബത്തിന് 14.02 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു. 2024 ജൂലൈ 12ന് അപകടത്തിൽ മരിച്ച മൂവാറ്റുപുഴ രണ്ടാർ സ്വദേശിനി സുമതി (72)യുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം ലഭിക്കുക.
ചാലിക്കടവ് റോഡിലൂടെ നടന്നുപോകുന്നതിനിടെയാണ് വെള്ളൂർക്കുന്നം സ്വദേശിയുടെ മകൻ ഓടിച്ച ബൈക്ക് സുമതിയെ ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സുമതി ചികിത്സയിലിരിക്കെയാണ് മരിച്ചത്. ബൈക്ക് കോതമംഗലം പോത്താനിക്കാട് സ്വദേശിയായ അലിയാരുടെ പേരിലായിരുന്നു.
വാഹനത്തിന്റെ ഉടമസ്ഥാവകാശം ഔദ്യോഗികമായി കൈമാറിയിട്ടില്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവാദിത്തം രേഖകളിലുള്ള ഉടമയ്ക്കാണെന്ന് ട്രൈബ്യൂണൽ വ്യക്തമാക്കി. അപകടസമയത്ത് ബൈക്ക് ഓടിച്ചിരുന്ന 17കാരനെ എറണാകുളം ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റവിമുക്തനാക്കിയിരുന്നു.
11,02,000 രൂപയും എട്ട് ശതമാനം പലിശയും കോടതി ചെലവും ഉൾപ്പെടെ 14.02 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി സുമതിയുടെ കുടുംബത്തിന് നൽകണമെന്നാണ് ട്രൈബ്യൂണൽ ഉത്തരവ്. പിന്നീട് ഈ തുക വാഹന ഉടമയിൽനിന്ന് ഈടാക്കാമെന്നും ട്രൈബ്യൂണൽ ജഡ്ജി കെ.എൻ. ഹരികുമാർ വ്യക്തമാക്കി. കുടുംബത്തിനുവേണ്ടി അഡ്വ. എൻ.പി. തങ്കച്ചൻ ഹാജരായി.




