ന്യൂഡൽഹി: രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശമായ വോട്ടവകാശവും ജനാധിപത്യ തെരഞ്ഞെടുപ്പ് സംവിധാനങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലിയിൽ ചരിത്രപ്രസിദ്ധമായ രാംലീല മൈതാനയിലേക്ക് INDIA സഖ്യം പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിൽ വൻ ജനപങ്കാളിത്തം. തെരഞ്ഞെടുപ്പ് കമ്മീഷനും ഗ്യാനേഷ് കുമാറിനുമെതിരെയും വോട്ട് കൊള്ളയ്ക്കുമെതിരെയും പ്രതിഷേധിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും സംഘടിപ്പിച്ച ദില്ലി ചലോ റാലിയിൽ പത്ത് ലക്ഷത്തോളം ആളുകളാണ് അണിനിരക്കുന്നത്. രാജ്യചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിപക്ഷ പ്രതിഷേധങ്ങളിലൊന്നായി ഈ മഹാറാലി മാറി.
രാംലീല മൈതാനിയും പരിസര റോഡുകളും പൂർണമായും നിറഞ്ഞു കവിഞ്ഞ പ്രതിഷേധത്തിൽ കേരളം, കർണാടക, തമിഴ്നാട് തുടങ്ങി ദക്ഷിണേന്ത്യൻ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വൻ ജനപ്രവാഹമാണ് ഉണ്ടായത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് സിപിഐഎം, കോൺഗ്രസ്, ആർജെഡി, സമാജ്വാദി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നീ വിവിധ പ്രതിപക്ഷ പാർട്ടികളും എഐസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ്, കെപിസിസി, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളും ഒന്നിച്ചണിനിരന്നു. പാർട്ടികൾക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകരും വിദ്യാർഥികളും തൊഴിലാളികളും ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ട ആളുകളും പ്രതിഷേധത്തിന്റെ ഭാഗമായി.



